ഗാസിപൂരിലെ തിരക്കേറിയ മാർക്കറ്റിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ സ്ഫോടകവസ്തു; അന്വേഷണം
text_fieldsന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ പുഷ്പ മാർക്കറ്റിൽ മൂന്നുകിലോയുടെ സ്ഫോടകവസ്തു (ഐ.ഇ.ഡി) കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലാണ് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്നു സ്ഫോടകവസ്തു. രാവിലെ ഒമ്പതരയോടെ മാർക്കറ്റിൽ എത്തിയ ഒരാൾ സ്കൂട്ടിയും ബാഗും അവിടെ ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നിയ പൂക്കടക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‍പെഷൽ സെൽ ഉദ്യോഗസ്ഥരും എൻ.എസ്.ജിയും സ്ഥലത്തെത്തി. ഫയർ എൻജിസുകളും സംഭവ സ്ഥലത്തെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.
കണ്ടെടുത്ത ഐ.ഇ.ഡി നിയന്ത്രിത സ്ഫോടനം നടത്തി നിർവീര്യമാക്കി. മൂന്നു കിലോ ഭാരമുള്ളതായിരുന്നു സ്ഫോടകവസ്തു. സ്ഫോടക വസ്തു കണ്ടെത്തിയതിന് പിന്നാലെ മാർക്കറ്റ് പൂർണമായും ഒഴിപ്പിച്ചു. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ എൻ.എസ്.ജി വിശദമായി പരിശോധിച്ചശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജനുവരി 26 റിപബ്ലിക് ദിനത്തിന് മുന്നോടിയായി തിരക്കേറിയ പൂ മാർക്കറ്റിൽ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാർക്കറ്റിന് സമീപത്തെ 15ഓളം സി.സി.ടി.വി കാമറകൾ അന്വേഷണ സംഘം ശേഖരിച്ചു. കണ്ടെടുത്ത സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.