മഴക്കെടുതി; മഹാരാഷ്ട്രയിൽ 47 മരണം, മണ്ണിടിച്ചിൽ നിരവധി പേർ കുടുങ്ങി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെതുടർന്ന് മണ്ണിടിച്ചിലിലും പ്രളയത്തിലും 47 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ മരിച്ചവർ 129 ആയി. റെയ്ഗാദ് ജില്ലയിലെ തീരപ്രദേശത്താണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. ഇവിടെ മണ്ണിടിച്ചിലിൽ 36 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി.
32 മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. സതാറയിൽ മണ്ണിടിച്ചിലിൽ 12 പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. പോളദ്പുരിലുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. ഇവിടെ 30ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഏഴുപേർക്ക് പരിക്കേറ്റു. മുംബൈയിലെ ഗോവന്ദിയിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ചിപ്ലുൻ മിർജോലി ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട 56 പേരെ രക്ഷപ്പെടുത്തി.
രത്നഗിരി ജില്ലയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കൊൽകേവാഡി ഡാം കരകവിഞ്ഞ് വശിഷ്ട നദി വഴിമാറി ഒഴുകി. പാഞ്ചഗംഗ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഭീഷണി ഉയർത്തുന്നുണ്ട്. മുംബൈ-ബംഗളൂരു ദേശീയപാതയിൽ റോഡ് തകർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.