ജമ്മു കശ്മീരിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരർ അറസ്റ്റിൽ
text_fieldsകശ്മീർ: വടക്കൻ കശ്മീരിലെ സോപോറിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ അറസ്റ്റുചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ബൊമൈയി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൊമൈയി ചൗക്ക് മേഖലയിൽ സോപോർ പൊലീസും സുരക്ഷ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. 22 രാഷ്ട്രീയ റൈഫിൾസ് ഉദ്യോഗസ്ഥരും 179 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഗോരിപുരയിൽ നിന്ന് ബൊമൈയിലേക്ക് പോവുകയായിരുന്ന മൂന്ന് പേരുടെ നീക്കത്തിൽ സംശയം തോന്നിയ സുരക്ഷാസേന ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന തന്ത്രപരമായി പിടികൂടുകയായിരുന്നു. ഷരീഖ് അഷ്‌റഫ്, സഖ്‌ലൈൻ മുഷ്താഖ്, തൗഫീഖ് ഹസൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകളും ഒമ്പത് പോസ്റ്ററുകളും 12 പാകിസ്താൻ പതാകകളും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായവർ നിരോധിത ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബ ബന്ധമുള്ളവരാണെന്നും ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.