കരിമ്പുപാടത്തെ പുലിക്കുഞ്ഞുങ്ങളെ തള്ളപ്പുലിക്കൊപ്പം ചേർത്ത കരുതലുമായി വനംവകുപ്പ്; വൈറലായി ദൃശ്യങ്ങൾ
text_fieldsമുംബൈ: കരിമ്പുപാടത്ത് കണ്ടെത്തിയ മൂന്നു പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അവയുടെ തള്ളക്കൊപ്പം ചേർത്ത് വനംവകുപ്പിന്‍റെയും സന്നദ്ധ സംഘടനയുടെയും 'കരുതൽ'. സന്നദ്ധ സംഘടനയായ വൈൽഡ്ലൈഫ് എസ്.ഒ.എസും മഹാരാഷ്ട്ര വനംവകുപ്പും ചേർന്നാണ് ഏറെ സ്നേഹഭരിതമായ കൂടിച്ചേരലിന് വഴിയൊരുക്കിയത്.
മഹാരാഷ്ട്രയിലെ ജുനാർ ജില്ലയിലുള്ള വടഗാവ് കണ്ഡാലി ഗ്രാമത്തിൽ കരിമ്പുപാടത്ത് ജോലി ചെയ്യുന്നവരാണ് മൂന്നു പുലിക്കുഞ്ഞുങ്ങളെ കണ്ടത്. കരിമ്പുവെട്ടുന്ന കർഷകരിൽ ഒരാൾ പാടത്തുനിന്ന് വേറിട്ട കരച്ചിൽ കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അവയെ കണ്ടത്. കർഷകർ ഫോറസ്റ്റ് ഡിപാർട്മെന്റിനെ വിവരമറിയിച്ചതിനെ തുടർന്ന് വൈൽഡ്ലൈഫ് എസ്.ഒ.എസ് തങ്ങളുടെ ലെപേഡ് റെസ്ക്യൂ സെന്‍ററിൽനിന്ന് പുലിക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ അംഗങ്ങളെ അയച്ചു. വെറ്ററിനറി ഡോക്ടർമാർ ഉൾപെട്ട സംഘം പാടത്തെത്തി കുഞ്ഞുങ്ങളെ പരിശോധിച്ചു. എട്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾ പൂർണ ആരോഗ്യമുള്ളവയായിരുന്നു. പുലിക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ആണും ഒന്ന് പെണ്ണുമായിരുന്നു.
ആരോഗ്യമുള്ള കുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് തള്ളപ്പുലിക്കൊപ്പം ചേർക്കുകയെന്നതായിരുന്നു വൈൽഡ്ലൈഫ് എസ്.ഒ.എസ് ടീമിന്‍റെ ഉന്നം. തുടർന്ന് മൂന്നു കുഞ്ഞുങ്ങളെയും ഒരു പെട്ടിയിൽ സുരക്ഷിതമായി ഇറക്കി പാടത്ത് അവയെ കണ്ടുകിട്ടിയ സ്ഥലത്ത് കൊണ്ടുവെച്ചു. കുഞ്ഞുങ്ങളെ കാണാതെ പരിഭ്രാന്തയായ തള്ളപ്പുലി അവയെ തേടിയെത്തുമെന്ന് എസ്.ഒ.എസ് പ്രവർത്തകർക്ക് ഉറപ്പായിരുന്നു.
കുഞ്ഞുങ്ങളെ ഇറക്കിയ പെട്ടിക്കരികിലും പരിസരത്തുമായി കാമറകളും സജ്ജീകരിച്ചു. തള്ളപ്പുലിയുമായുള്ള കുഞ്ഞുങ്ങളുടെ കൂടിച്ചേരൽ ചിത്രീകരിക്കുന്നതിനായിരുന്നു അത്. അരമണിക്കൂറിനകം കുഞ്ഞുങ്ങളെത്തേടി തള്ളപ്പുലി സ്ഥലത്തെത്തി. പരിസരം ജാഗ്രതയോടെ വീക്ഷിച്ചശേഷം അത് കുഞ്ഞുങ്ങളെ ഇറക്കിവെച്ച പെട്ടി മറിച്ചിട്ടു. അതോടെ മൂന്നു കുഞ്ഞുങ്ങളും സന്തോഷത്തോടെ അമ്മയുടെ സ്നേഹവലയത്തിലക്ക്. പിന്നീട് തള്ളപ്പുലി ഓരോ കുഞ്ഞുങ്ങളെയായി കഴുത്തിന് കടിച്ചുപിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.