മണിപ്പൂർ കലാപം: മൂന്ന് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തു; സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുള്ള ആക്രമണവും ഉൾപ്പെടും
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ ആളപായത്തിനും ക്രമസമാധാനനില തകർച്ചക്കും ഇടയാക്കിയ മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മണിപ്പൂർ പൊലീസിൽ നിന്ന് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തത്.
2024 നവംബർ 8ന് ജിരിബാം പ്രദേശത്ത് ആയുധധാരികളായ തീവ്രവാദികൾ സ്ത്രീയെ കൊലപ്പെടുത്തിയ കേസാണ് എൻ.ഐ.എ ഏറ്റെടുത്തത്. സംഭവത്തിൽ ജിരിബാം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
2024 നവംബർ 11ന് ബോറോബെക്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് എൻ.ഐ.എ ഏറ്റെടുത്ത രണ്ടാമത്തേത്. ജകുരധോർ കരോങ്ങിലും ബോറോബെക്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജിരിബാമിലും സ്ഥിതി ചെയ്യുന്ന സെൻട്രൽ റിസർവ് പൊലീസ് സേന (സി.ആർ.പി.എഫ്) പോസ്റ്റിന് നേരെ (എ-കമ്പനി, 20 -ാം ബറ്റാലിയൻ) സായുധ തീവ്രവാദികൾ ആക്രമിച്ച സംഭവമാണിത്.
ബോറോബെക്ര പ്രദേശത്ത് വീടുകൾ കത്തിക്കുകയും സാധാരണക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത കേസാണ് മൂന്നാമത്തേത്. 2024 നവംബർ 11ന് ബോറോബെക്ര പൊലീസ് ആണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
അതേസമയം, സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ മന്ത്രിയുടെയും നാല് എം.എൽ.എമാരുടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ, സംസ്ഥാനത്ത് ആറ് പൊലീസ് സ്‌റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ സായുധ സേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജിരിബാം ഉൾപ്പെടെ ആറ് പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നവംബർ 14ന് കേന്ദ്ര സർക്കാർ അഫ്സ്പ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ സംസ്കരിക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.