വീണ്ടും ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ എട്ട് മണിയോടെ നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടപ്പോൾ വെടിവെപ്പ് ഉണ്ടായതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് പേരുടെ മൃതദേഹങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 20 ന് സംസ്ഥാനത്തെ ബിജാപൂർ, കാങ്കർ ജില്ലകളിലായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 30 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. ഒരു ജവാനും ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ട കലാപകാരികളിൽ നിന്ന് ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബിജാപൂർ പൊലീസ് അറിയിച്ചിരുന്നു.
നക്സൽ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഛത്തീസ്ഗഡിലെ മാവോവാദം അവസാനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ ശക്തികേന്ദ്രങ്ങൾ തിരിച്ചുപിടിച്ചതിലൂടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭങ്ങളിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ച സംസ്ഥാന പൊലീസിന്റെയും കേന്ദ്ര സേനയുടെയും സംയുക്ത ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.