12 മെഡി.കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതിയില്ല
text_fieldsന്യൂഡല്‍ഹി/തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിലെ മൂന്ന് സ്ഥാപനങ്ങളടക്കം രാജ്യത്തെ 68 മെഡിക്കല്‍ കോളജുകളിൽ പ്രവേശനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു.
കേരളത്തിലെ ഒമ്പത് മെഡി.കോളജുകളുടെ അംഗീകാരവും പുതുക്കി നൽകിയിട്ടില്ല. ഫലത്തിൽ സംസ്ഥാനത്തെ 12 മെഡിക്കൽ കോളജുകളിലെ ഇൗ വർഷത്തെ എം.ബി.ബി.എസ് പ്രവേശനം അനിശ്ചിതത്വത്തിലായി. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിലെ കോളജുകൾ ഇവയാണ്: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് ആൻഡ് റിസേര്‍ച്ച് ഫൗണ്ടേഷന്.
രാജ്യത്താകെ 82 മെഡിക്കൽ കോളജുകളുടെ അംഗീകാരം പുതുക്കി നൽകണമെന്ന അപേക്ഷയാണ് തള്ളിയത്. സീറ്റ് വര്‍ധിപ്പിക്കണമെന്ന ഒൻപതു മെഡിക്കല്‍ കോളജുകളുടെ അപേക്ഷയും നിരസിച്ചു. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ ശിപാർശ പ്രകാരമാണ് നടപടി.
അംഗീകാരം പുതുക്കി നൽകാത്ത കേരളത്തിലെ സ്ഥാപനങ്ങൾ: പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ്, എസ്.ആര് മെഡിക്കല്‍ കോളജ് ആൻറ് റിസേര്‍ച്ച് സെൻറർ, പാലക്കാട് പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, പത്തനംതിട്ട മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ്, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ് ആൻറ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, തിരുവനന്തപുരം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
രാജ്യത്താകെയുള്ള 64,000 മെഡിക്കല്‍ സീറ്റുകളിൽ 10,430ഒാളം സീറ്റുകളിലേക്കാണ് പ്രവേശനത്തിന് വിലക്ക്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് അധ്യാപകരും ഇല്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആരോഗ്യമന്ത്രാലയം ശരിവെക്കുകയായിരുന്നു. പുതുതായി അംഗീകാരം നൽകാത്ത 68 മെഡിക്കല്‍ കോളജുകളില്‍ 31 എണ്ണവും അംഗീകാരം പുതുക്കി നൽകാത്ത 82 മെഡിക്കല്‍ കോളജുകളില്‍ 12 എണ്ണവും സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളതാണ്.
കേരളത്തിലെ വിവിധ കോളജുകളിലെ സീറ്റുകൾ: ഗവ. മെഡിക്കല്‍ കോളജ് പാലക്കാട് (100 സീറ്റ് ), കോഴിക്കോട് കെ. എം. സി. ടി(150), എസ്.ആര് മെഡിക്കല്‍ കോളജ്, വര്‍ക്കല (100), പാലക്കാട് പി. കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150), പാലക്കാട് കേരള മെഡിക്കല്‍ കോളജ്(150), പത്തനംതിട്ട മൗണ്ട് സിയോൺ (100), തൊടുപുഴ അല്‍ അസ്ഹര്‍(150), കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ്(150), ഡി.എം വയനാട് (150).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.