മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ബുധനാഴ്ച ഇന്ത്യൻ മണ്ണിലേക്ക്
text_fieldsന്യൂഡൽഹി: ചൈനയുടെ ഭീഷണിക്കിടെ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച് നിർമിത മൂന്ന് റഫാൽ ജെറ്റ് വിമാനങ്ങൾ കൂടി ബുധനാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ രാത്രിയോടെ ഇന്ത്യയിൽ ഇറങ്ങുമെന്ന് ദേശീയ വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്.
ഫ്രഞ്ച് വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ് മിറ്റിയോർ.
റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറിലേർപ്പെട്ട് നാലു വർഷം കഴിഞ്ഞാണ് വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.