യു.പി പൊലീസിന്‍റെ മാനസിക പീഡനം; രണ്ട് പെൺമക്കളും മാതാവും ജീവനൊടുക്കി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ പൊലീസുകാർ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ആറംഗ കുടുംബത്തിലെ രണ്ട് പെൺമക്കളും മാതാവും ജീവനൊടുക്കി. ബാഗ്പത്തിലെ ബചോദിലാണ് സംഭവം. മെഹക് സിങ്ങിന്റെ ഭാര്യയും രണ്ട് പെൺമക്കളുമാണ് വിഷം കഴിച്ച് മരിച്ചത്. ദളിത് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയെ തുടർന്ന് മെഹക് സിങ്ങിന്‍റെ 21കാരനായ മകനെ തിരഞ്ഞെത്തിയ യു.പി പൊലീസ് ചൊവ്വാഴ്ച ഇവരുടെ വീട്ടിൽ വ്യാപക പരിശോധന നടത്തിയിരുന്നു.
'പൊലീസിന്റെ ക്രൂരത കാരണം എന്റെ കുടുംബം മുഴുവൻ ഇല്ലാതായി. പൊലീസ് ഭാര്യയെയും പെൺമക്കളെയും അപമാനിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. ഈ അപമാനം അവരെ അങ്ങേയറ്റം വേദനിപ്പിച്ചു. റെയ്ഡിന്‍റെ സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പോലും റെയിഡിന്‍റെ സമയത്ത് ഉണ്ടായിരുന്നില്ല. മെഹക് സിങ്ങ് പറഞ്ഞു.
മെഹക് സിങ്ങിന്റെ മകനും യുവതിയും പ്രണയത്തിലായിരുന്നുവെന്നും അവർ ഒരുമിച്ച് ഒളിച്ചോടിയതാണെന്നുമാണ് ബചോദ് ഗ്രാമ മുഖ്യനായ വിശാൽ ബർദൻ പറയുന്നത്. മെഹക് സിങ്ങും കുടുംബവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്നും പൊലീസുകാർ ഉൾപ്പെടെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെഹക് സിങ്ങിന്റെ പരാതിയിൽ ചപ്രൗലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് നരേഷ് പാലിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണകുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. മെഹക് സിങ്ങിന്‍റെ മകനെതിരെ പരാതി നൽകിയ കാന്തിലാൽ, അദ്ദേഹത്തിന്റെ മക്കളായ ശക്തി (23), രാജു (20) എന്നിവരും ചൊവ്വാഴ്ച പൊലീസ് സംഘത്തോടൊപ്പം റെയ്ഡിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഹത്രാസ് എസ്.പി നീരജ് ജദൗൺ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് തൊട്ടുപിന്നാലെ യുവാവിന്‍റെ ഇളയ സഹോദരൻ സഞ്ജയിനെ പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.