ബി.ജെ.പിയുടെ പദ്ധതി പൊളിച്ചടുക്കി മൂന്ന് വനിതകൾ
text_fieldsന്യൂഡൽഹി: കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കർണാടക ഭരിക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടൽ പൊളിച്ചടുക്കിയത് മൂന്ന് വനിത നേതാക്കൾ. കോൺഗ്രസിെൻറ നിലപാടിനു പിന്നിൽ യു.പി.എ അധ്യക്ഷ സോണിയഗാന്ധി. ജനതാദൾ-എസ് നേതാവ് ദേവഗൗഡയെ സമ്മർദത്തിലാക്കിയത് ബി.എസ്.പി നേതാവ് മായാവതി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി എന്നിവർ.
കോൺഗ്രസിെൻറ സീറ്റെണ്ണം ഇത്രകണ്ട് കുറയുമെന്ന് പാർട്ടി നേതാക്കൾ കരുതിയതല്ല. അത്തരമൊരു തിരിച്ചടി ദേശീയ രാഷ്ട്രീയത്തിൽതന്നെ പാർട്ടിയുടെ സാധ്യതകൾ അപകടത്തിലാക്കുന്നതായിരുന്നു. ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും ബി.ജെ.പി അധികാരത്തിൽ വരുന്നതു തടയാൻ ജനതാദൾ-എസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് പിന്തുണക്കുക എന്ന ഒറ്റവഴി മാത്രമായിരുന്നു കോൺഗ്രസിനുമുന്നിൽ. ഇൗ തന്ത്രവുമായി മുന്നോട്ടുപോകാൻ പച്ചക്കൊടി കാട്ടിയത് സോണിയ ഗാന്ധിയാണ്.
ബി.െജ.പിയെ എങ്ങനെയും അധികാരത്തിൽനിന്നു മാറ്റിനിർത്തുകയാണ് ആദ്യം വേണ്ടതെന്ന് അവർ സംസ്ഥാന നേതാക്കളോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരോട് സംസാരിച്ചു. ദേവഗൗഡയെ ഫോണിൽ വിളിച്ചു. അതിനൊത്ത് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ കരുനീക്കി.
ജനതാദൾ-എസിനു വേണ്ടി കർണാടകയിൽ മായാവതി പ്രചാരണം നടത്തിയിരുന്നു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസിെൻറ വാഗ്ദാനം സ്വീകരിക്കണമെന്ന് മായാവതി ദേവഗൗഡയെ ഉപദേശിച്ചു. തെരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസും ജെ.ഡി.എസും പരസ്പരം ഏറ്റുമുട്ടിയാണ് പ്രചാരണം നടന്നത്. എന്നാൽ, ഇൗ ഘട്ടത്തിൽ കോൺഗ്രസിനെയാണ് പിന്തുണക്കേണ്ടതെന്ന് മായാവതി ഒാർമിപ്പിച്ചു.
തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കേണ്ടിയിരുന്നുവെന്ന് പലവട്ടം പറഞ്ഞ നേതാവാണ് മമത ബാനർജി. ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഹകരിക്കാൻ മമതയും ദേവഗൗഡയോട് അഭ്യർഥിച്ചു. ഇതേതുടർന്നാണ് കോൺഗ്രസിെൻറ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടിയത്. ജെ.ഡി.എസിനെ കൂട്ടുപിടിക്കാനുള്ള ബി.ജെ.പിയുടെ സാധ്യതകൾ അടച്ചുകളയുന്ന തിരക്കിട്ട നീക്കമാണ് കോൺഗ്രസ് കർണാടകയിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.