കോയമ്പത്തൂരിൽ കാർ കിണറ്റിൽ വീണ് മൂന്നു വിദ്യാർഥികൾ മരിച്ചു
text_fieldsകോയമ്പത്തൂർ: തൊണ്ടാമുത്തൂരിനു സമീപം നിയന്ത്രണംവിട്ട കാർ കിണറ്റിലേക്കു മറിഞ്ഞ് മൂന്നു വിദ്യാർഥികൾ മരിച്ചു. സ്വകാര്യ കോളജ് വിദ്യാർഥികളും കോയമ്പത്തൂർ സ്വദേശികളുമായ വി. ആദർശ് (18), വടവള്ളി സ്വദേശി രവികൃഷ്ണ (18), നന്ദനൻ (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന എം. റോഷൻ രക്ഷപ്പെട്ടു.
തിരുവോണാഘോഷത്തോടനുബന്ധിച്ച് ആലാന്തുറക്കു സമീപം ശിരുവാണി റോഡിലെ സെലിബ്രിറ്റി ക്ലബിൽ പാർട്ടി കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ മടങ്ങവെയാണ് അപകടം.
തെന്നമനല്ലൂർ മാരിയമ്മൻ കോവിലിനു സമീപം വളവിൽ തിരിയവെ നിയന്ത്രണംവിട്ട കാർ റോഡരികിലെ ഫാംഹൗസിന്റെ ഇരുമ്പുഗേറ്റ് തകർത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന 120 അടിയോളം ആഴമുള്ള കിണറ്റിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. ഇതിൽ 60 അടിയോളം വെള്ളമുണ്ടായിരുന്നു. റോഷനാണ് കാർ ഓടിച്ചിരുന്നത്.
അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെയാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മൃതദേഹങ്ങൾ പുറത്തെടുത്തത്.
ക്രെയിനിന്റെ സഹായത്തോടെ കാർ പുറത്തെടുത്തു. കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. തൊണ്ടാമുത്തൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.