സ്‌കൂൾ പരിസരത്തെ മദ്യവിൽപന അറിയിച്ച അന്ധന് പൊലീസ് മർദനം; സ്വന്തം കാര്യം നോക്കി നടക്കണമെന്ന് ഉപദേശം
text_fieldsചെന്നൈ: കവരപ്പട്ടി സർക്കാർ സ്കൂളിന് സമീപം അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പരാതി നല്കിയ അന്ധനെ മൂന്ന് പൊലീസുകാർ ചേർന്ന് മർദിച്ചു. ബഗവൻപട്ടിയിലെ ശങ്കറാണ് (29) ബുധനാഴ്ച രാവിലെ പൊലീസിന്‍റെ ആക്രമത്തിന് ഇരയായത്. സംഭവത്തെ തുടർന്ന് കോൺസ്റ്റബിൾമാരായ സെന്തിൽകുമാർ, പ്രഭു, അശോക് കുമാർ എന്നിവരെ വിരാളിമല പൊലീസ് സസ്പെന്‍റ് ചെയ്തു. ശങ്കറിന്‍റെ അമ്മയുടെ പരാതിയെത്തുടർന്നാണ് പൊലീസുകർക്കെതിരെ നടപടിയെടുത്തത്.
സർക്കാർ സ്കൂളിന് സമീപം ഇലക്ട്രിക്കൽ കട നടത്തുന്ന ശങ്കർ പൊലീസ് കൺട്രോൾ റൂമിൽ നിരന്തരം പരാതിപ്പെട്ടിരുന്നു. സ്കൂൾ വിദ്യാർഥികൾ വളരെക്കാലമായി അനധികൃത മദ്യവില്പനക്കാരുടെ ശല്യം നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോളാണ് പരാതിപ്പെട്ടതെന്ന് ശങ്കർ പറഞ്ഞു. എന്നാൽ പൊലീസ് അതൊന്നും വകവെച്ചില്ലെന്നും ശങ്കർ പറഞ്ഞു.
'കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഈ വിഷയം പൊലീസിനോട് പറഞ്ഞെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഒടുവിൽ ഒരു പൊലീസുദ്യോഗസ്ഥ എന്നെ വിളിച്ച് ശകാരിക്കുകയായിരുന്നു, സ്വന്തം കാര്യം നോക്കി നടക്കണമെന്നാണ് അവർ പറഞ്ഞത്' -ശങ്കർ പറഞ്ഞു.
പിന്നീട് രണ്ട് പൊലീസുകാർ വന്ന് ശങ്കറിനെ കൂട്ടിക്കൊണ്ട് പോകുകയും മർദിക്കുകയുമായിരുന്നു. ശങ്കറിനെ പിന്നിൽ നിന്ന് ലാത്തികൊണ്ട് മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ അദ്ദേഹം വിരാലിമല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ശങ്കറിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിഭാഷകനായ പി. പളനിയപ്പൻ ബുധനാഴ്ച രാത്രി സെൻട്രൽ സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) വി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. ശേഷം ബാലകൃഷ്ണൻ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് പുതുക്കോട്ട പൊലീസ് സൂപ്രണ്ട് നിഷ പാർത്ഥിബൻ മൂന്ന് പൊലീസുകാരെയും സസ്‌പെന്‍റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.