"ഇസ്ലാമിക ഭീകരത ഭീഷണി", ഇന്ത്യക്കും അമേരിക്കക്കും ഒരുപോലെ ബാധകമെന്ന് തുളസി ഗബ്ബാർഡ്
text_fieldsയു.എസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹിയിൽ
ന്യൂഡല്ഹി: ഇസ്ലാമിക ഭീകരത ഇന്ത്യക്കും അമേരിക്കക്കും ഒരുപോലെ ഭീഷണിയെന്ന് യു.എസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഒരുമിച്ച് പോരാടുന്നുണ്ടെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ഗബ്ബാർഡ്, ഇസ്ലാമിക ഭീകരത അമേരിക്കയെയും ഇന്ത്യയെയും പശ്ചിമേഷ്യയെയും ബാധിക്കുന്നതാണെന്ന് വ്യക്തമാക്കി.
പാകിസ്താനിൽനിന്ന് ഇന്ത്യക്കെതിരെ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇസ്ലാമിക ഭീകരത ആഗോളതലത്തിൽ വെല്ലുവിളിയാവുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഗബ്ബാർഡിന്റെ പ്രതികരണം. ഇന്ത്യയെയും ബംഗ്ലാദേശിനെയും അത് എങ്ങനെ ബാധിച്ചെന്നത് കണ്ടതാണ്. നിലവിൽ സിറിയയും ഇസ്രായേലുമടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളെ അത് ഏതുതരത്തിൽ ബാധിക്കുന്നെന്നും കാണാം. പ്രധാനമന്ത്രി മോദിയും ഈ ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്ലാമിക ഭീകരതക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളുടെയും നേതൃത്വം പ്രതിജ്ഞാബദ്ധരാണെന്നും ഗബ്ബാർഡ് കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ, ഖലിസ്താൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) അമേരിക്കയിൽ നടത്തുന്ന ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. നിയമവിരുദ്ധ സംഘടനക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് പിന്നീട് രാജ്നാഥ് സിങ് ‘എക്സി’ൽ കുറിച്ചു. ഇന്ത്യ-യു.എസ് പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ട് പ്രതിരോധം, വിവരങ്ങൾ പങ്കിടൽ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായും രാജ്നാഥ് സിങ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.