വികസനത്തിനായി ചൈനയോടൊപ്പം നിൽക്കും- ദലൈലാമ
text_fieldsകൊൽക്കത്ത: തിബത്ത് വിഷയത്തിൽ സുപ്രധാന നിലപാടുമാറ്റം പ്രഖ്യാപിച്ച് ആത്മീയനേതാവ് ദലൈലാമ. ചൈനയിൽനിന്ന് തിബത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ചൈനക്കൊപ്പം നിൽക്കാനാണ് തിബത്തുകാർ ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ േചംബർ ഒാഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
‘‘ഇടക്കിടെ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബത്തും തമ്മിൽ. കഴിഞ്ഞത് കഴിഞ്ഞു, ഇനി ഭാവിയെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ഞങ്ങൾക്ക് കൂടുതൽ വികസനം വേണം. കഴിഞ്ഞ ദശാബ്ദങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന കാര്യം മനസ്സിലാക്കുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ ചൈന ഏറെ മാറിയിട്ടുണ്ട്. ലോകവുമായി കണ്ണിചേർന്നതോടെ മുമ്പുള്ളതിൽനിന്ന് 40-50 ശതമാനം ആ രാജ്യം മാറിയതായി ദലൈലാമ പറഞ്ഞു. ചൈന തിബത്തിെൻറ വ്യത്യസ്ത സംസ്കാരവും പാരമ്പര്യവും ആദരിക്കണം. ചൈനീസ് ജനത അവരുടെ സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു, അതുപോലെ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെയും’’ -അദ്ദേഹം പറഞ്ഞു.
തിബത്തൻ പീഠഭൂമിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, തിബത്തിന് ഉത്തര, ദക്ഷിണ ധ്രുവങ്ങളോളം പാരിസ്ഥിതിക പ്രാധാന്യമുണ്ടെന്ന കാര്യം ചൈനീസ് പരിസ്ഥിതി വിദഗ്ധൻ പറഞ്ഞതും ചൂണ്ടിക്കാട്ടി.
ദലൈലാമയെ ചൈന നിശിതമായി വിമർശിക്കുന്നതിനിടെയാണ് തന്ത്രപ്രധാന പ്രസ്താവനയിലൂടെ അദ്ദേഹം രംഗത്തുവന്നത്. തിബത്തിനെ ചൈനയിൽനിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്ന വിഘടനവാദിയായി ദലൈലാമയെ ഇൗയിടെ ചൈന വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തെ ഏതെങ്കിലും രാജ്യങ്ങൾ സ്വീകരിക്കുന്നതുപോലും തങ്ങൾക്കെതിരായ നടപടിയായാണ് ചൈന വിശേഷിപ്പിക്കുന്നത്.
ഇൗയിടെ അരുണാചൽ പ്രദേശ് സന്ദർശിക്കാൻ ദലൈലാമയെ അനുവദിച്ചതിനെതിരെ ചൈന ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. ദലൈലാമയുടെ നിലപാടുമാറ്റത്തോട് പ്രക്ഷോഭകാരികളുടെ പ്രതികരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.