നാടിനെ വിറപ്പിച്ച കടുവ വൈദ്യുതി വേലിയിൽ കുരുങ്ങി
text_fieldsനാഗ്പൂർ: നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ച കടുവ ഒടുവിൽ വൈദ്യുതി വേലിയിൽ കുരുങ്ങി ചത്തു. നാഗ്പൂർ ജില്ലയിലെ അമരാവതി, വാർധ പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയ കടുവയാണ് പുലർച്ചെ നാലരയോടെ ചത്തത്. മഹാരാഷ്ട്ര സിന്ധി വിഹരിയിലെ ഭഗവാൻ തേക്കാമിലെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ബോർ കടുവ കേന്ദ്രത്തിൽ പെടുന്ന നാവർഗോൺ മേഖലയിൽ നിന്ന് 500 കിലോമീറ്റർ സഞ്ചരിച്ചാണ് ബ്രഹ്മപുരിയിൽ ആദ്യമായി കടുവ എത്തിയത്. പ്രദേശവാസികൾക്കും കന്നുകാലികൾക്കും ഇത് ഭീഷണിയായി. കഴിഞ്ഞ ആറു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടരുന്ന് കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടികൾ ആരംഭിച്ചു.
അക്രമകാരിയായ കടുവയെ പിടികൂടുന്നതിന് കഴിഞ്ഞ 78 ദിവസങ്ങളിലായി വനത്തിലും കൃഷിയിടങ്ങളിലുമായി 24 മണിക്കൂർ നിരീക്ഷണം വനം വകുപ്പ് ഏർപ്പെടുത്തിയിരുന്നു. ഇതിന് മാത്രമായി രണ്ടു കോടി രൂപ ചെലവായതായാണ് സർക്കാർ പറയുന്നത്.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശം അരിച്ചു പെറുക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അവസാനം തന്‍റെ സങ്കേതം തേടി കടുവ 500 കിലോമീറ്റർ താണ്ടി ബോർ വനത്തിന് അടുത്ത് എത്തിയെങ്കിലും വൈദ്യുതി വേലിയിൽ കുരുങ്ങി ജീവിതം അവസാനിക്കുകയായിരുന്നു.
അതേസമയം, കടുവ സംരക്ഷണത്തിന് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മൃഗസ്നേഹിയായ സരോഷ് ലോധി മാധ്യമങ്ങളോട് പറഞ്ഞു. വന പ്രദേശവും മനുഷ്യവാസമുള്ള മേഖലകളും വേർതിരിക്കാൻ സംവിധാനം വേണമെന്നും ലോധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.