രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
text_fieldsകുലശേഖരം: തിരുനന്തിക്കര കാക്കച്ചലിന് സമീപം ബൈക്കിൽ പൈനാപ്പിൾ തോട്ടത്തിലേയ്ക്ക് പോവുകയായിരുന്ന ആളെയും റബ്ബർ തോട്ടത്തിൽ പണിയിൽ ഉണ്ടായിരുന്ന തൊഴിലാളിയേയും ആക്രമിച്ച പെൺ കടുവയെ തോട്ടത്തിലെ കുഴിയിൽ ചത്ത നിലയിൽ കണ്ടെത്തി. കടുവയ്ക്ക് ഒമ്പത് വയസ്സ് പ്രായം വരും. ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിൽ മരണകാരണം മുള്ളൻപന്നിയുടെ മുള്ളുകൾ കഴുത്തിലും മറ്റും തറച്ച് ഉണ്ടായ പരിക്കുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. മൃഗ ഡോക്ടർ എത്തി പോസ്റ്റ്മാർട്ടം നടത്തിയാലെ യഥാർത്ഥ കാരണം വ്യക്തമാകൂ.
ബുധനാഴ്ച രാവിലെ ബൈക്കിൽ പോവുകയായിരുന്ന ജയൻ(28)നെയാണ് ആദ്യം ഇടിച്ച് തള്ളിയിട്ടത്. തുടർന്ന് റബ്ബർ തോട്ടത്തിൽ കടന്ന കടുവ അവിടെ ജോലി ചെയ്യുകയായിരുന്ന ഭൂത ലിംഗം(64)നെ ആക്രമിച്ചു. രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറസ്റ്റ് അധികൃതരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് തോട്ടത്തിലെ കുഴിയിൽ കടുവയെ അവശനിലയിൽ കണ്ടത്. തുടർന്ന് വേണ്ട മുൻകരുതലോടെ കടുവയെ പുറത്ത് എടുത്തപ്പോഴാണ് കഴുത്തിൽ മുള്ളൻപ്പന്നിയുടെ മുള്ളുകൾ ഏറ്റ മുറിവുകൾ കാണാനായത്. മുള്ളൻപ്പന്നിയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ അതിൽ നിന്നും ഏറ്റ മുള്ളുകൾ തറച്ച വേദനയിൽ ഓടുന്നതിനിടയിലായിരിക്കാം രണ്ട് തൊഴിലാളികളെ ആക്രമിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.