രാജ്യത്ത് കടുവകളുടെ എണ്ണം 3167; പ്രോജക്ട് ടൈഗറിന്റെ അമ്പതാണ്ട് ആഘോഷം
text_fieldsബംഗളൂരു: കടുവ സംരക്ഷണപദ്ധതിയായ പ്രോജക്ട് ടൈഗറിന്റെ അമ്പതാം വാർഷികത്തിൽ രാജ്യത്തെ കടുവകളുടെ പുതിയ കണക്ക് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022ൽ നടത്തിയ കണക്കെടുപ്പ് പ്രകാരം രാജ്യത്ത് 3167 കടുവകളാണുള്ളത്. 2018ൽ അവസാനം നടന്ന കണക്കെടുപ്പിൽ ഇന്ത്യയിലെ വിവിധ കടുവസങ്കേതങ്ങളിലായി 2967 കടുവകളെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ 200 കടുവകളുടെ വർധന (6.7 ശതമാനം) രേഖപ്പെടുത്തി. 2006ൽ 1411, 2010ൽ 1706, 2014ൽ 2226 എന്നിങ്ങനെയായിരുന്നു കടുവകളുടെ എണ്ണം. 1973ൽ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് പ്രോജക്ട് ടൈഗർ പദ്ധതി നടപ്പാക്കിയത്. നിലവിൽ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.
‘പ്രോജക്ട് ടൈഗർ ’ ഇന്ത്യയുടെ മാത്രമല്ല; ലോകത്തിന്റെ തന്നെ അഭിമാനമാണെന്ന് മൈസൂരുവിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. കടുവകളെ സംരക്ഷിക്കുക മാത്രമല്ല പദ്ധതി മഹത്തായ ആവാസ വ്യവസ്ഥയും രാജ്യത്തിന് നൽകി. ലോകത്തെ കടുവകളുടെ എണ്ണത്തിന്റെ മുക്കാൽപങ്കും ഇന്ത്യയിലാണെന്നതും 75,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കടുവ സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നുവെന്നതും 75 വർഷം പിന്നിടുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ വേളയിൽ ഏറെ സന്തോഷം പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിംഹം, കടുവ, പുള്ളിപുലി, ചീറ്റ, ഹിമപ്പുലി, പ്യുമ, ജഗ്വാർ എന്നീ മാർജാര വിഭാഗത്തിൽപെടുന്ന വലിയ മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്സ് അലയൻസ് മോദി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.