കോവിഡ് പരോളിൽ 'മുങ്ങിയ' 3,468 പ്രതികൾക്കായി വാതിൽ തുറന്നിട്ട് തിഹാർ ജയിൽ കാത്തിരിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെയെന്നല്ല, ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറയായ തിഹാർ ജയിലിൽനിന്ന് കോവിഡ് കാലത്ത് പരോൾ ലഭിച്ച് തത്കാലത്തേക്ക് പുറത്തിറങ്ങിയവരിൽ പലരും തിരിച്ചെത്തിയില്ല. ഇവരെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് ജയിൽ അധികൃതർ ഡൽഹി പൊലീസിന്‍റെ സഹായം തേടി. എച്ച്.ഐ.വി, അർബുദം, ഡയാലിസിസ് ആവശ്യമുള്ള വൃക്ക രോഗം, ഹെപ്പറ്റൈറ്റിസ് ബി, സി, ആസ്തമ, ക്ഷയം തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ച തടവുകാർക്കാണ് നേരത്തെ ജയിലിൽനിന്ന് പരോൾ അനുവദിച്ചിരുന്നത്. ഇവരിൽ പലരും തിരികെയെത്തിയില്ലെന്നാണ് കണ്ടെത്തൽ.
ഡൽഹിയിലെ തിഹാർ, മണ്ടോളി, രോഹിണി ജയിലുകളിൽ കഴിഞ്ഞ ശിക്ഷാകാലാവധിയിലുള്ള 1,184 പേർക്ക് എട്ട് ആഴ്ചത്തേക്കാണ് പരോൾ അനുവദിച്ചിരുന്നത്. ഇവർക്ക് പിന്നീട് സമയം നീട്ടിനൽകി. ഫെബ്രുവരി ഏഴിനും മാർച്ച് ആറിനുമിടയിൽ മടങ്ങിയെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, അധികൃതർ ബന്ധപ്പെട്ടിട്ടും 112 പേരെ കാണാനില്ലെന്നാണ് കുടുംബങ്ങൾ നൽകിയ മറുപടി.
വിചാരണ പൂർത്തിയാകത്ത 5,556 പേരെ ജാമ്യം നൽകി വിട്ടയച്ചതിൽ 2,200 ഓളം പേരെയാണ് കാണാതായത്. മാർച്ച് അവസാനത്തിനകം കീഴടങ്ങണമെന്നായിരുന്നു നിർദേശം. കാണാതായ മൊത്തം തടവുകാരെയും തിരികെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കൽ എളുപ്പമല്ലെന്നിരിക്കെ ഡൽഹി പൊലീസ് അവ പൂർത്തിയാക്കുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ.
രാജ്യം കോവിഡ് ഭീതിയിലായ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ സുപ്രീം കോടതി ഇടപെട്ടാണ് ജയിലുകളിൽ തിരക്കു കുറക്കാൻ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം മിക്ക സംസ്ഥാനങ്ങളിലും ജയിൽ തടവുകാർക്ക് 30-60 ദിവസം പരോൾ നൽകി. ഇതിന്‍റെ ഭാഗമായാണ് ഡൽഹിയിലെ തിഹാർ ജയിലും തടവുകാർക്ക് പരോൾ അനുവദിച്ചത്.
10,026 തടവുകാരെ പാർപ്പിക്കാനാണ് തിഹാറിൽ അടിസ്ഥാന സൗകര്യമെങ്കിലും നിലവിൽ 20,000 ഓളം പേർ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവരിൽ 174 പേർ കോവിഡ് പോസിറ്റീവായിട്ടുണ്ട്, 300 ജീവനക്കാർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.