ടിക് ടോക് താരത്തിന്‍റെ ആത്മഹത്യ; മഹാരാഷ്ട്ര മന്ത്രി രാജിക്കത്ത് നൽകി
text_fieldsമുംബൈ: 'ടിക് ടോക്' താരം പൂജ ചവാന്‍റെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിക്കത്ത് നൽകി. ചൊവ്വാഴ്ച രാവിലെ ബാന്ദ്രയിലെ താക്കറെ വസതിയായ 'മാതൊശ്രീ'യിലെത്തിയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകിയത്. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവാണ് സഞ്ജയ് റാത്തോഡ്. ബഞ്ചാര സമുദായത്തിൽ നിന്നുള്ള നേതാവാണ്. രാജി ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.
സഞ്ജയ് ചവാൻ നടത്തിയതായി ആരോപിക്കുന്ന ഫോൺസംഭാഷണങ്ങളുടെ 11 ഒാഡിയോ ക്ളിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ, മന്ത്രിയുടെ രാജിയും പുജെയുടെ മരണത്തിൽ അന്വേഷണവുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അടക്കം ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.
മന്ത്രിയിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം കേട്ടിരുന്നു. തുടർന്ന് സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു. പുണെ പൊലിസ് കമീഷണർ അമിതാഭ് ഗുപ്ത കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് പുണെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പൂജ മരിച്ചത്. ബീഡ് സ്വദേശിയായ പൂജ സ്പോക്കൺ ഇംഗ്ളീഷ് പഠിക്കാൻ പുണെയിൽ എത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.