‘മലയാള സിനിമാ നടന്മാരിൽ ആർജവമുള്ളവർ എഴുന്നേറ്റ് നിൽക്കേണ്ട സമയം’
text_fieldsന്യൂഡൽഹി: ആഘോഷിക്കപ്പെടുന്ന മലയാള സിനിമാ നടന്മാരിൽ ആർജവമുള്ളവർ എഴുന്നേറ്റുനിന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തള്ളിപ്പറയേണ്ട സമയമായെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി റഹ്മത്തുന്നീസ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ഏതാനും ആളുകളുടെ രാജികൊണ്ട് തീരാവുന്ന പ്രശ്നമല്ല ഇതെന്നും ആഴത്തിലുള്ള വിലയിരുത്തലും പൊതുസമൂഹത്തിൽ ചർച്ചയും നടക്കേണ്ട കാര്യമാണെന്നും അവർ പറഞ്ഞു. സ്ത്രീക്കെതിരായ അതിക്രമം അവരുടെ മാത്രം പ്രശ്നമായല്ല, സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്. രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ‘ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് വനിത വിങ്’ ഒരുമാസത്തെ ദേശവ്യാപകമായ ബോധവത്കരണ കാമ്പയിൻ നടത്തും.
കേരളത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് നേരിടേണ്ട പ്രശ്നമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കാണണം. ഏത് തരത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ മനഃസ്ഥിതി സമൂഹത്തിൽ വളർന്നുവരുന്നതെന്ന് മനസ്സിലാക്കണം. നിയമത്തിന് രാജ്യത്ത് ഒരു കുറവുമില്ല. എന്നാൽ, മനഃസ്ഥിതി മാറാതെ മാറ്റം പ്രയാസകരമായിരിക്കും.
മാന്യമായ വേഷവിധാനം കൊണ്ട് മാത്രം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകില്ലെന്ന് നഴ്സറി കുഞ്ഞുങ്ങൾപോലും അതിക്രമത്തിനിരയാകുന്നതിൽനിന്ന് മനസ്സിലാക്കണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലഹരി, മയക്കുമരുന്ന് ഉപയോഗവും തമ്മിലും ബന്ധമുള്ളതും അവർ ചൂണ്ടിക്കാട്ടി. 10നും 17നുമിടയിൽ പ്രായക്കാരിൽ 73 ശതമാനവും പോൺ സൈറ്റുകൾ കാണുന്നുവെന്ന സർവേ റിപ്പോർട്ട് സമൂഹത്തിന്റെ മനഃസ്ഥിതി എങ്ങനെ മാറുന്നുവെന്നതിന്റെ സൂചനയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ശായിസ്ത റാഫത്ത് പറഞ്ഞു. റാബിയ ബസ്രിയും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.