കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം; നിലപാട് വ്യക്തമാക്കാൻ സമയമായെന്ന് ശരത് പവാർ
text_fieldsമുംബൈ: കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും വിഷയത്തിൽ നിലപാട് എടുക്കേണ്ട സമയമായെന്നും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരത് പവാർ. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ മറ്റൊരു ദിശയിലേക്ക് മാറ്റാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ ശംബുരാജ് ദേശായി എന്നിവർ പ്രശ്ന പരിഹാരത്തിനായി കർണാടകയിലെ ബെളഗാവിലെത്തി 'മഹാരാഷ്ട്ര ഏകീകരൺ സമിതി' നേതാക്കളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് മന്ത്രിമാരെ ബെളഗാവിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെടുമെന്ന് ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞിരുന്നു. സന്ദർശനം ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം രൂക്ഷമായതോടെ ബെളഗാവിൽ മഹാരാഷ്ട്രയുടെ നമ്പർ പ്ലേറ്റുള്ള ട്രക്കുകൾ പ്രതിഷേധക്കാർ ചൊവ്വാഴ്ച തടഞ്ഞിരുന്നു. ചില ട്രക്കുകൾക്ക് നേരെ കല്ലേറുമുണ്ടായി.
ബെളഗാവിയാണ് തർക്കത്തിന്റെ കേന്ദ്രസ്ഥാനം. 1960 ൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ മറാത്തികൾ കൂടുതലുള്ള ബെളഗാവി കന്നഡ ഭഷാ സംസാരിക്കുന്ന കർണാടകക്ക് തെറ്റായി നൽകിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.