'അഴിമതി അലക്കുയന്ത്രത്തിനെതിരെ രാജ്യം നിലകൊള്ളേണ്ട സമയമായി'; ശിവസേന മുഖപത്രം
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാമ്ന. ബി.ജെ.പിയുടെ അഴിമതി അലക്കി വെളിപ്പിക്കലിനെതിരെ നിലകൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട സമയമാണിതെന്ന് സാമ്ന കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ഉപദ്രവിച്ച് കൊണ്ട് ഭരണത്തിൽ തുടരുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളെ നഗ്നമായി ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിമാരായ മമത ബാനർജിയും കെ. ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എൻ.സി.പി തലവൻ ശരദ് പവാറും ഉദ്ധവ് താക്കറെയും കത്തിൽ ഒപ്പുവെച്ചതായും സാമ്ന പറഞ്ഞു.
രാജ്യത്ത് ബി.ജെ.പി അധികാരത്തിൽ വന്ന 2014 മുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടികൾ വർധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ അഴിമതി ആരോപണങ്ങൾ നേരിട്ടതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന നേതാക്കൾക്കെതിരെ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം കേസുകൾ ഭൂരിഭാഗവും വ്യാജ ആരോപണങ്ങളായിരുന്നെന്നും സാമ്ന കൂട്ടിച്ചേർത്തു.
മോദി സർക്കാരിന് കീഴിൽ രാജ്യം അരാജകത്വത്തിന് സാക്ഷ്യം വഹിക്കുകയാണ്. സ്വയംഭരണാധികാരമുള്ള സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇത് അപകടമാണ്. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്ക് മുന്നിൽ വാലാട്ടുകയാണെന്നും സാമ്ന കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.