ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; വിമാനത്തിൽ കുഞ്ഞിന് പുതുജീവൻ
text_fieldsന്യൂഡൽഹി: വിമാനയാത്രക്കിടെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലാണ് ശ്വാസതടസ്സം അനുഭവപ്പെട്ട ജന്മനാ ഹൃദ്രോഗബാധിതനായ കുഞ്ഞിനെ രക്ഷിച്ചത്.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയ്ക്കായി കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ. എന്നാൽ പറന്നുയർന്ന ഉടനെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ആശങ്കാകുലരായ മാതാപിതാക്കൾ സ്ഥിതിഗതികൾ ക്രൂവിനെ അറിയിക്കുകയും വിമാനത്തിൽ ഏതെങ്കിലും ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. തുടർന്ന് റാഞ്ചി സദർ ആശുപത്രിയിലെ ഡോക്ടർ മൊസമ്മിൽ ഫിറോസും ഡോക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. നിതിൻ കുൽക്കർണിയും കുട്ടിയുടെ രക്ഷക്കായി എത്തുകയായിരുന്നു.
ബേബി മാസ്‌ക്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാൽ മുതിർന്നവർക്കുള്ള മാസ്‌ക് ഉപയോഗിച്ചാണ് ഡോക്ടർമാർ കുട്ടിക്ക് ഓക്സിജൻ നൽകിയത്. മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം തിയോഫിലിൻ കുത്തിവെപ്പ് ഉൾപ്പെടെയുള്ള മറ്റ് അടിയന്തര മരുന്നുകളും നൽകി. മാതാപിതാക്കൾ ഡെക്‌സോണ ഇൻജെക്ഷൻ കൈയ്യിൽ കരുതിയിരുന്നു. ഇതിനാലാണ് സാഹചര്യം നിയന്ത്രിക്കാൻ പറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
എമർജൻസി മരുന്നുകളും ഓക്സിജനും മറ്റും നൽകിയതിനാൽ കുഞ്ഞിന്‍റെ നില മെച്ചപ്പെട്ട് തുടങ്ങിയിരുന്നു. എന്നാലും ആദ്യ 15-20 മിനിറ്റുകൾ വളരെ നിർണായകവും സമ്മർദം നിറഞ്ഞതുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. എന്നിരുന്നാലും കുറച്ച് സമയത്തിനുള്ളിൽ കുഞ്ഞ് ശബ്ദമുണ്ടാക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയും കുഞ്ഞിനെ മെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്തു. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങളുടെ ഫലത്തിൽ കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.