ടിപ്പു ജയന്തി ആഘോഷം: കുടകിൽ ബന്ദ് പൂർണം
text_fieldsബംഗളൂരു: കർണാടകയിൽ കനത്ത സുരക്ഷയിൽ ടിപ്പു ജയന്തി ആഘോഷിച്ചു. ടിപ്പു സുൽത്താെൻറ ജന്മദിനം സർക്കാർ നേതൃത്വത്തിൽ ആഘോഷിക്കുന്നതിനെ എതിർത്ത് സംസ്ഥാനത്ത് സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം പൊലീസ് അറസ്റ്റിൽ കലാശിച്ചു. ടിപ്പു ജയന്തി ആഘോഷത്തെ എതിർക്കുന്ന സംഘടനകൾ കുടകിൽ നടത്തിയ ബന്ദ് പൂർണമായിരുന്നു. സർക്കാർ ഒൗദ്യോഗികമായി പ്രഖ്യാപിച്ച ആഘോഷ ചടങ്ങുകൾ ജില്ല-താലൂക്ക് ആസ്ഥാനങ്ങളിൽ തടസ്സമില്ലാതെ നടന്നു.
മടിക്കേരിയിൽനിന്ന് കാലൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിക്ക് നേരെ കല്ലേറുണ്ടായി. ബംഗളൂരു തിലക് നഗറിൽ കാറുകൾക്കും കടകൾക്കും നേരെ അക്രമം നടന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കോലാർ, കുടക്, ഉടുപ്പി എന്നിവിടങ്ങളിൽ പൊലീസ് നിരോധനാജ്ഞ നടപ്പാക്കിയിരുന്നു. ബംഗളൂരു, മംഗളൂരു, കുടക്, മൈസൂരു, വിജയപുര, ചുത്രദുർഗ, ഹുബ്ബള്ളി, കലബുറഗി, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ രാവിലെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. മടിക്കേരി, ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിൽനിന്നായി അഞ്ഞൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
മടിക്കേരിയിൽ സർക്കാർ ഒാഫിസിന് മുന്നിൽ കരിെങ്കാടി നാട്ടാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിടികൂടി. മംഗളൂരുവിൽ ബി.ജെ.പി നേതാക്കളെ കരുതൽ തടങ്കലിലും തുമകുരുവിൽ ബജ്റങ്ദൾ നേതാക്കളെ വീട്ടുതടങ്കലിലുമാക്കി. ബംഗളൂരു നഗരത്തിൽ ടിപ്പു ജയന്തി ആഘോഷ റാലികൾക്കോ പ്രതിഷേധ റാലികൾക്കോ അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.