ടിപ്പുവിനെ 'പുറത്താക്കി'; ബംഗളൂരു-മൈസൂരു പാതയിലെ ട്രെയിൻ ഇനി വോഡയാർ എക്സ്പ്രസ്
text_fieldsമൈസൂരു: ബംഗളൂരു-മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് ഇനി വോഡയാർ എക്സ്പ്രസ്. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. തൽഗുപ്പ-മൈസൂരു എക്‌സ്പ്രസിന്റെ പേര് കുവെംപു എക്‌സ്പ്രസ് എന്നും പുനർനാമകരണം ചെയ്തു. കർണാടകയിലെ പ്രശസ്ത കവിയാണ് കുവെംപു.
ട്രെയിനിന്റെ പേര് മാറ്റണമെന്നഭ്യർഥിച്ച് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപ് സിംഹ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈവർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു. ഇതംഗീകരിച്ചാണ് വെള്ളിയാഴ്ച റെയിൽവേ ഉത്തരവിറക്കിയത്. ശനിയാഴ്ച മുതൽ പുതിയ പേര് പ്രാബല്യത്തിലാവും. വോഡയാർ രാജവംശം റെയിൽവേക്കും മൈസൂരുവിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടത്. പേര് മാറ്റിയതിൽ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മുസ്‍ലിം ഭരണാധികാരികളുടെ സംഭാവനകൾ തുടച്ചുനീക്കാനുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന വിമർശനമുയർന്നിട്ടുണ്ട്.
മൈസൂരു-ബെംഗളൂരു പാതയിൽ 1980 മുതൽ സർവിസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്സ്പ്രസ്. ടിപ്പു സുൽത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നത്. രാവിലെ 11.30ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടർന്ന് ബെംഗളൂരുവിൽനിന്ന് ഉച്ചക്ക് 3.15ന് പുറപ്പെട്ട് വൈകീട്ട് 5.45ന് മൈസൂരുവിൽ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.