തിരുമാവളവന്‍റെ പരാമർശം സ്‍ത്രീവിരുദ്ധം, ക്ഷമ പറയണമെന്ന് ഖുശ്ബു
text_fieldsചെന്നൈ: ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ) അധ്യക്ഷനുമായ തിരുമാവളവൻ നടത്തിയ പരാമർശം സ്‍ത്രീവിരുദ്ധമാണെന്ന് നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു. തിരുമാവളവന്‍റെ പരാമർശങ്ങൾ സ്ത്രീകൾക്കെതിരെയാണ്. ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല. ഒരു പാർട്ടി നേതാവ് പറഞ്ഞാൽ അത് സ്വീകാര്യമല്ലെന്നും അദ്ദേഹം ക്ഷമ ചോദിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
വി.സി.കെയുടെ സഖ്യകക്ഷിയായ ഡി.എം.കെ, കോൺഗ്രസ് എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ പാർട്ടികളുടെ മറുപടി എന്താണ്?. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോൾ അവരുടെ നേതാക്കൾ പറഞ്ഞു, ഞാൻ ഒരു അഭിനേത്രി മാത്രമാണ്. ഇപ്പോൾ അവർ ഇക്കാര്യത്തിൽ എന്താണ് പറയാൻ പോകുന്നത്? -ഖുശ്ബു ചോദിച്ചു
ഡി.എം.കെ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് കനിമൊഴി തിരുമാവളവന്‍റെ പരാമർശത്തിനെതിരെ ഒന്നും പറയാത്തതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നാണ് പരാമർശിക്കുന്നതെന്ന തിരുമാവളവന്‍റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. പെരിയോർ ഗ്രൂപ്പ് സംഘടിപ്പിച്ച ഒാൺലൈൻ സെമിനാറിലാണ് ചിദംബരം എം.പിയുടെ വിവാദ പരാമർശം.
സ്ത്രീകളെയും പിന്നാക്ക ജാതികളെയും തദ്ദേശീയ വിഭാഗങ്ങളെയും അപമാനിക്കുകയും അവർക്കെതിരെ വിദ്വേഷം വളർത്തുകയും ചെയ്യുന്ന മനുസ്മൃതി നിരോധിക്കണമെന്നും തിരുമാവളവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മനുസ്മൃതി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കാനും വി.സി.കെ ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.