ചന്ദ്രബാബു നായിഡു പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹൻ റെഡ്ഡി
text_fieldsഹൈദരാബാദ്: തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി നേതാവുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. സംഭവത്തിൽ സി.ബി.ഐയുടെ മേൽനോട്ടത്തിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു ജഗൻ.
ലഡു നിർമിച്ചത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ചേർത്താണെന്ന നായിഡുവിന്റെ അവകാശ വാദം പച്ചക്കള്ളമാണെന്ന് ജഗൻ ആരോപിച്ചു.
''നായിഡുവിന്റെ തെറ്റായ പ്രസ്താവനകൾ മൂലം തിരുപ്പതി ക്ഷേത്രത്തിന്റെയും പ്രസാദത്തിന്റെയും പവിത്രത നഷ്ടമായി. ക്ഷേത്രത്തിനെതിരെ തെറ്റായ വാദങ്ങൾ ഉന്നയിക്കുന്നതിൽ കോടതികൾ പോലും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്തു. കോടതി വിധി വന്നതിനു ശേഷവും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി നായിഡു ലജ്ജിച്ചു തലതാഴ്ത്തണം. നട്ടാൽ കുരുക്കാത്ത നുണകളാണ് അദ്ദേഹം പറഞ്ഞുപരത്തുന്നത്. വൈ.എസ്.ആർ.സിപിക്കെതിരെ സുപ്രീംകോടതി രോഷം പ്രകടിപ്പിച്ചു എന്ന രീതിയിൽ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അവരുടെ ഭരണകാലത്ത്(2014-2019) 14 തവണയാണ് ടാങ്കറുകൾ തിരിച്ചയച്ചത്. വളരെ കാര്യക്ഷമമായാണ് ക്ഷേത്രം അധികൃതർ പ്രസാദമുണ്ടാക്കുന്നത്. ഗുണനിലവാര പരിശോധനയില്ലാതെ ടാങ്കറുകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പ്രസാദം നിർമിക്കുന്നതിനു തൊട്ടുമുമ്പും മൂന്നു തരത്തിലുള്ള പരിശോധനകൾ നടത്താറുണ്ട്. ഏതെങ്കിലുമൊരു പരിശോധനയിൽ പരാജയപ്പെട്ടാൽ ടാങ്കറുകൾ തിരിച്ചയക്കും.''-ജഗൻ റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.