തിരുപ്പതി ലഡുവിലെ മായം; നായിഡുവിനെതിരെ മോദിക്ക് കത്തയച്ച് ജഗൻ
text_fieldsഅമരാവതി: തിരുമല തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ചേർത്തെന്ന സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നുണ പ്രചരിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. മുഖ്യമന്ത്രി ‘സ്ഥിരം നുണയൻ’ ആണെന്നും നായിഡുവിനെ ശാസിക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ജഗൻ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വ്രണപ്പെടുത്തുന്ന തരത്തിൽ നായിഡു അധഃപതിച്ചിരിക്കുകയാണെന്ന് എട്ടു പേജുള്ള കത്തിൽ ജഗൻ ആരോപിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പവിത്രതയും ആചാരങ്ങളും പൊതുമധ്യത്തിൽ ചന്ദ്രബാബു നായിഡു തരംതാഴ്ത്തിയെന്നും ജഗൻ പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ രാജ്യം മുഴുവൻ മോദിയെ ഉറ്റുനോക്കുകയാണെന്നും നാണംകെട്ട നുണകൾ പ്രചരിപ്പിക്കുന്ന നായിഡുവിനെ കഠിനമായ രീതിയിൽ ശാസിക്കേണ്ടത് അനിവാര്യമാണെന്നും ജഗൻ കത്തിൽ ആവശ്യപ്പെടുന്നു. കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ മനസ്സിൽ നായിഡു സൃഷ്ടിച്ച സംശയങ്ങൾ ദൂരീകരിക്കാനും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പവിത്രതയിലുള്ള ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാനും ഈ നടപടി സഹായിക്കുമെന്ന് ജഗൻ കത്തിൽ കുറിച്ചു.
ജഗന്റെ വീടിനു മുന്നിൽ പ്രതിഷേധം
അമരാവതി: തിരുമല തിരുപ്പതി േക്ഷത്രത്തിലെ പ്രസാദമായ ലഡുവിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ച സംഭവത്തിൽ മുൻ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം. കുത്തിയിരുന്ന പ്രവർത്തകർ ചുവരിൽ കാവി നിറമടിച്ചു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ഗുണ്ടൂർ പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ലഡുവിൽ നിലവാരമില്ലാത്ത നെയ്യും പന്നിക്കൊഴുപ്പും പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യം വെളിപ്പെടുത്തിയത്. ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു.
അതേസമയം, ക്ഷേത്രത്തിലെ ദസറ കാലത്തെ വാർഷിക ആഘോഷമായ ശ്രീവരി ബ്രഹ്മോത്സവത്തിന് ചന്ദ്രബാബു നായിഡുവിനെ എക്സിക്യൂട്ടിവ് ഓഫിസർ ശ്യാമള റാവു ക്ഷണിച്ചു. മായം ചേർത്ത വിഷയത്തിൽ പ്രാഥമിക റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
പൊതുതാൽപര്യ ഹരജിയുമായി ഹിന്ദു സേന
ന്യൂഡൽഹി: തിരുമല തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ചേർത്തെന്ന സംഭവത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. ഹിന്ദു സേന പ്രസിഡന്റായ സുർജിത് സിങ് യാദവാണ് ഹരജി നൽകിയത്. മൃഗക്കൊഴുപ്പുള്ള നെയ്യ് പ്രസാദത്തിൽ ചേർത്തത് ഹിന്ദുമതത്തെ കളിയാക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ഹരജിയിൽ പറയുന്നു. ഹിന്ദു സമുദായത്തിന്റെ മനഃസാക്ഷിയെ ഈ സംഭവം പിടിച്ചുകുലുക്കിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.