തോട്ടം മേഖല പിടിക്കാൻ മമത
text_fieldsകൊൽക്കത്ത: വടക്കൻ ബംഗാളിൽ സീറ്റുകൾ പിടിക്കാൻ സകല തന്ത്രവും പയറ്റി തൃണമൂൽ കോൺഗ്രസ്. ഇൗ മേഖലയിൽ 54 നിയമസഭ സീറ്റുകളുണ്ട്. ബി.ജെ.പി മുന്നേറ്റം തടയാൻ ഈ സീറ്റുകൾ ഉറപ്പിച്ചുനിർത്തേണ്ടത് തൃണമൂലിന് അനിവാര്യമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ, ഭഗീരഥി നദിക്ക് വടക്ക് ഒരു സീറ്റും നേടാൻ തൃണമൂലിനായിട്ടില്ല. ഇവിടെ മൊത്തം എട്ട് ലോക്സഭ സീറ്റുകൾ ഉള്ളതിൽ ഏഴും ബി.ജെ.പി നേടി. ആലിപൂർദൗർ, കുച്ച് ബിഹാർ, ഡാർജിലിങ്, ജൽപായ്ഗുരി, റായ്ഗഞ്ച്, ബാലുർഗഢ്, മാൽഡ നോർത്ത് എന്നിവയാണിത്. മാൽഡ സൗത്ത് കോൺഗ്രസ് നിലനിർത്തി.
വടക്കൻ ബംഗാളിലെ 30 സീറ്റുകളിൽ വിജയം നിർണയിക്കുക 20 ലക്ഷത്തിലധികം വരുന്ന തേയിലത്തൊഴിലാളികളും അവരുടെ കുടുംബവുമാണ്. ഇവരെ ഒപ്പം നിർത്താനാണ് ഇപ്പോൾ മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുന്നത്. സിലിഗുരിയിലും ആലിപൂർദൗറിലും ഇതിനായി മമത കളത്തിലിറങ്ങി തുടങ്ങുകയും ചെയ്തു. തൊഴിലാളികളുടെ പാർപ്പിട പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ 500 കോടി വകയിരുത്തിയതായി അവർ പറഞ്ഞു. 4,000 പേർക്ക് കഴിഞ്ഞ ദിവസം വീടുകൾ അനുവദിച്ചിട്ടുണ്ട്. മിനിമം കൂലി നിശ്ചയിക്കാൻ സമിതിയെയും സംസ്ഥാനം നിയോഗിച്ചു.
കിഴക്കൻ ബംഗാളിൽ അഭയാർഥികളുടെ വൻ സാന്നിധ്യമുള്ള ചില മേഖലകളിൽ, അവരുടെ വോട്ട് നേടാനുള്ള പദ്ധതികളും മമത പ്രഖ്യാപിക്കുന്നുണ്ട്. കോളനികളിൽ പട്ടയവിതരണം തുടങ്ങി. ഡിസംബറിൽ, ആദിവാസി നേതാവ് രാജേഷ് ലാക്ര തൃണമൂലിൽ ചേർന്നത് പാർട്ടിക്ക് നേട്ടമാണ്. മേഖലയിലുണ്ടായ നേട്ടം നിലനിർത്താൻ ബി.ജെ.പിയും കിണഞ്ഞുശ്രമിക്കുന്നുണ്ട്.
ഫെബ്രുവരി 11ന് ആലിപൂർദൗറിൽനിന്ന് തുടങ്ങുന്ന 'രഥയാത്ര' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഉദ്ഘാടനം ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമ ബംഗാളിൽ അഞ്ച് രഥയാത്രകളാണ് ബി.ജെ.പി നടത്തുന്നത്. പൗരത്വ ഭേദഗതി നിയമം വഴി, മേഖലയിലെ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വാഗ്ദാനങ്ങളിലൊന്ന്.
മേഖലയിലെ തദ്ദേശീയ വിഭാഗമായ രാജ്ബോങ്ഷികൾക്ക് സ്വന്തം സംസ്ഥാനം എന്ന ആശയത്തെയും ബി.െജ.പി നേതൃത്വം പിന്തുണച്ചിരുന്നു. ഡാർജിലിങ്, കലിംപോങ്, കുർസിയോങ് തുടങ്ങിയ മേഖലകളിൽ 'ഗൂർഖ ജൻമുക്തി മോർച്ച'യുടെ സമ്പൂർണ പിന്തുണ ഉറപ്പാക്കാനായത് തൃണമൂലിന് നേട്ടമാകുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.