ബി.ജെ.പി എം.പിയുടെ ഭാര്യ സുജാത മൊണ്ഡാൽ തൃണമൂൽ ടിക്കറ്റിൽ മത്സരിക്കും
text_fieldsകൊൽക്കത്ത: ബി.െജ.പി എം.പി സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡാൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ആരംബാഗ് മണ്ഡലത്തിൽനിന്നാണ് ഇവർ ജനവിധി തേടുക.
2020 ഡിസംബറിലാണ് സുജാത മൊണ്ഡാൽ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുന്നത്. ഭാർത്താവ് സൗമിത്ര ഖാനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സുജാതയുടെ തൃണമൂൽ പ്രവേശനം. ഭാര്യ തൃണമൂലിൽ ചേർന്നതോടെ സൗമിത്ര ഖാൻ വിവാഹമോചന നോട്ടീസ് അയച്ചു.
ബി.ജെ.പിയുടെ യുവമോർച്ച പ്രസിഡന്‍റും ബിഷ്ണുപുർ എം.പിയുമാണ് സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസ് തന്‍റെ കുടുംബം തകർത്തുവെന്നായിരുന്നു സൗമിത്ര ഖാനിന്‍റെ പ്രതികരണം.
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്വന്തം സീറ്റായ ഭൊവാനിപൂർ വിട്ട് ഇത്തവണ നന്ദിഗ്രാമിലായിരിക്കും മമത മത്സരിക്കുക. തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിയുടെ കോട്ടയായി അറിയപ്പെടുന്ന നന്ദിഗ്രാം എന്തുവില കൊടുത്തും പിടിക്കാനാണ് സ്വന്തമായി ആ മണ്ഡലത്തിൽ വോട്ടുതേടി മമത തന്നെ ഇറങ്ങുന്നത്.
മമതയുടെ സീറ്റായ ഭൊവാനിപൂരിൽ തൃണമൂൽ പ്രതിനിധിയായി സുവൻദേബ് ചട്ടോബാധ്യായ ആകും ഇത്തവണ ജനവിധി തേടുക. 291 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച മമത പ്രായം 80 പിന്നിട്ട ആരും ഇത്തവണ തൃണമൂൽ ബാനറിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി 20ലേറെ നിലവിലെ എം.എൽ.എമാരെ പാർട്ടി മാറ്റിനിർത്തിയിട്ടുണ്ട്. 50 വനിതകളെയും 42 മുസ്ലിംകളെയും 79 പട്ടിക ജാതിക്കാരെയും 17 പട്ടിക വർഗക്കാരെയുമാണ് തൃണമൂൽ അണിനിരത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.