മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും -തൃണമൂൽ നേതാവ് മുകുൾ റോയ്യുടെ പ്രസ്താവനയിൽ വലഞ്ഞ് പാർട്ടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന നേതാവ് മുകുൾ റോയ്യുടെ പ്രസ്താവനയിൽ വലഞ്ഞ് തൃണമൂൺ കോൺഗ്രസ്. ബംഗാളിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു മുകുൾ റോയ്യുടെ പരാമർശം.
'വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബി.ജ.പി വിജയിക്കും' -ബിർഭൂം ജില്ലയിലെ ബോൽപൂർ സന്ദർശനത്തിനിടെ മുകുൾ റോയ് പറഞ്ഞു. മറ്റുള്ളവർ അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പിന്നാലെ അവിശ്വസനീയമായി നോക്കിയപ്പോൾ 'ടി.എം.സി ബി.ജെ.പിയാണ്. തിരിച്ചും' - എന്നായിരുന്നു മുകുൾ റോയ്യുടെ പ്രതികരണം.
67കാരനായ മുകുൾ റോയ് 2017ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുകുൾ റോയ് പാർട്ടിയിൽ തിരിച്ചെത്തി. മുകുൾ റോയ്യുടെ പ്രസ്താവനക്കെതിരെ മുതിർന്ന നേതാക്കളടക്കം രംഗത്തെത്തി. പ്രസ്താവന വിശദീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
'മുകുൾ റോയ്ക്ക് മാനസിക സമനില നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് സുഖമില്ല. എന്താണ് സംസാരിക്കുന്നതെന്ന് പോലും അദ്ദേഹത്തിന് അറിയില്ല' -ടി.എം.സി ബിർഭം ജില്ല പ്രസിഡന്‍റ് അനുബ്രത മൊണ്ഡാൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സമാന പ്രതികരണവുമായി ടി.എം.സി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജിയും രംഗത്തെത്തി. 'മുകുൾ റോയ്ക്ക് സുഖമില്ല. അതായിരിക്കാം അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് കാരണം. അദ്ദേഹം ഇപ്പോൾ പാർട്ടി പ്രവർത്തകനല്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പ്രധാന്യം നൽകേണ്ട ആവശ്യമില്ല' -പാർഥ ചാറ്റർജി പറഞ്ഞു.
പൊതുജനമധ്യത്തിൽ ഇത്തരത്തിൽ ആദ്യമായല്ല മുകുൾ റോയ് പ്രസ്താവനകൾ നടത്തുന്നത്. സെപ്റ്റംബറിൽ നടത്തിയ വാർത്താസമ്മേളനത്തിലും ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. ഈ വർഷം ആദ്യം കോവിഡ് 19നെ തുടർന്ന് ഭാര്യ മരിച്ചതോടെ മുകുൾ റോയ്യുടെ ആരോഗ്യനില മോശമാണെന്ന് കുടുംബാംഗങ്ങളും പാർട്ടിയുടെ അടുത്ത വൃത്തങ്ങളും അറിയിച്ചിരുന്നു. പൊതുവേദികളിൽ റോയ് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.