'ദീദി, ദയവായി തീരുമാനം പിൻവലിക്കുക, അല്ലെങ്കിൽ...'; മമത ബാനർജിക്ക് പാർട്ടി എം.എൽ.എയുടെ മുന്നറിയിപ്പ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പ് നൽകി സ്വന്തം പാർട്ടി എം.എൽ.എ. തൃണമൂൽ കോൺഗ്രസിന്‍റെ ഇസ്‌ലാംപുർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ അബ്ദുൽ കരീം ചൗധരിയാണ് ദീദിക്ക് അന്ത്യശാസനം നൽകിയത്.
പാർട്ടിയുടെ ഇസ്‌ലാംപുർ ബ്ലോക്ക് പ്രസിഡന്‍റ് സക്കീർ ഹുസൈനെ മാറ്റി പകരം തന്‍റെ മൂത്ത മകൻ മെഹ്താബ് ഹുസ്സൈനെ നിയമിക്കണമെന്നാണ് ആവശ്യം. പാർട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം എം.എൽ.എ പരസ്യമായി രംഗത്തുവന്നിരുന്നു. വീട്ടിൽ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
'നിങ്ങൾ എന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. ഞാൻ ഒന്നും പറഞ്ഞില്ല. തൃണമൂലിന്റെ പിന്തുണയില്ലാതെ ജനങ്ങൾ നൽകിയ സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെ വിജയിച്ചത്. ദീർഘകാലമായി ഞാൻ എം.എൽ.എയാണ്. എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?. ദീദി, ദയവായി തീരുമാനം പിൻവലിക്കുക. അല്ലാത്തപക്ഷം ഇസ്‌ലാംപുരിൽ സമരം തുടരും -അബ്ദുൽ കരീം മാധ്യമങ്ങളോട് പറഞ്ഞു.
തൃണമൂലിന്റെ ഇസ്‌ലാംപുർ ബ്ലോക്ക് പ്രസിഡന്റായ സക്കീർ 'ക്രിമിനൽ' ആണെന്ന് അബ്ദുൾ കരീം ആരോപിച്ചു. തോക്കുകളുമായാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. അദ്ദേഹത്തെ എല്ലാവർക്കും ഭയമാണ്. തന്റെ മൂത്ത മകനെ ബ്ലോക്ക് പ്രസിഡന്റാക്കാൻ അഭിഷേക് ബാനർജിക്ക് കത്തെഴുതിയതായും എം.എൽ.എ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങളെല്ലാം പാർട്ടിയുടെ നോർത്ത് ദിനാജ്പൂർ ജില്ല പ്രസിഡന്റ് കനയ്യലാൽ അഗർവാൾ തള്ളിക്കളഞ്ഞു. കൊൽക്കത്ത യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കമാലുദ്ദീന്റെ പേരാണ് ഉയർന്നുവന്നത്. എന്നാൽ സുജലി പ്രദേശത്തുനിന്നുള്ള ആളായതുകൊണ്ട് ഞാൻ എതിർത്തു. തുടർന്നാണ് സക്കീർ ഹുസൈന്റെ പേര് നിർദേശിച്ചത്.
പാർട്ടി നേതൃത്വം കൂടിയാലോചനകൾ നടത്തിയാണ് സക്കീറിന്റെ പേര് പ്രഖ്യാപിച്ചത്. സക്കീർ ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്തതായി അറിയില്ലെന്നും കനയ്യലാൽ അഗർവാൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.