ഡോക്ടർമാരുടെ പട്ടിണി സമരത്തെ ‘ആശുപത്രി വരെയുള്ള നിരാഹാരം’ എന്ന് പരിഹസിച്ച് തൃണമൂൽ എം.പി
text_fieldsകൊൽക്കത്ത: കൊൽക്കത്തിയിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് യഥാർത്ഥ നിരാഹാര സമരം നടത്താനുള്ള ദൃഢനിശ്ചയമില്ലെന്ന് വിമർശിച്ച് മുതിർന്ന തൃണമൂൽ എം.പി കല്യാൺ ബാനർജി. അവർ തങ്ങളുടെ മരണം വരെയുള്ള നിരാഹാരം ‘ആശുപത്രി വരെയുള്ള ഉപവാസം’ ആക്കി മാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധം ആരംഭിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാധ്യമശ്രദ്ധ ആകർഷിക്കുകയും ആശുപത്രിയിൽ പ്രവേശനം ഉറപ്പാക്കുകയുമാണ് സമരക്കാരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് എന്ത് തരം നിരാഹാര സമരമാണ്? ഇത് പ്രതിഷേധ വേദിയിൽനിന്ന് ആരംഭിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ അവസാനിക്കും. ഞങ്ങൾക്കറിയാവുന്ന നിരാഹാര സമരം മരണത്തിലേക്കുള്ള നിരാഹാരമാണ്. ആശുപത്രിയിലേക്ക് പോകാനുള്ള നിരാഹാരമല്ല. ഈ ഡോക്ടർമാർ എന്താണ് ചെയ്യുന്നത്. അവരുടെ വയറ്റിൽ ഇത്രയധികം തീ ഉണ്ടോ -ബാനർജി ചോദിച്ചു. കഴിഞ്ഞ ദിവസം ഡോക്ടർമാരിൽ ഒരാൾ ഉപവാസത്തിൽ പങ്കെടുക്കുന്നതും അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും ഞാൻ കണ്ടു. മാധ്യമശ്രദ്ധ നേടുന്നതിനായി ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നുവെന്നും എം.പി പറഞ്ഞു.
ആർ.ജി കാർ ആശുപത്രിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ നടത്തുന്ന പട്ടിണി സമരം 11ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലെ ഇ.എൻ.ടി വിഭാഗത്തിലെ ജൂനിയർ മെഡിക് ഉൾപ്പെടെ ഏഴ് ഡോക്ടർമാർ മരണം വരെയുള്ള നിരാഹാര സമരത്തിലാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇതിനകം നാലു ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഗസ്റ്റ് 9ന് സർക്കാർ നടത്തുന്ന ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജൂനിയർ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇവർ സമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.