പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മമത ബാനർജി വിളക്കുകളണച്ച് ഇരുട്ടിലിരിക്കുകയായിരുന്നു -സാഗരിക ഘോഷ്
text_fieldsകൊൽക്കത്ത: ഞായറാഴ്ച രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമാദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വിളക്കുകളണച്ച് ഇരുട്ടിലിരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ്.
മോദിയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കുന്ന എല്ലാവർക്കുമുള്ള സന്ദേശമായിരുന്നു ഇന്ത്യയുടെ ഏക വനിത മുഖ്യമന്ത്രിയുടെ പ്രവൃത്തിയെന്നും അവർ കുറിച്ചു. ''മോദിയുടെ സത്യപ്രതിജ്ഞ ആഘോഷിക്കുന്ന എല്ലാവർക്കും, ഇന്ത്യയുടെ ഏക വനിതാ മുഖ്യമന്ത്രി മമതയുടെ സന്ദേശം.ജനവിധി നഷ്‌ടപ്പെടുകയും ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുകയും ചെയ്‌ത ഒരു പ്രധാനമന്ത്രിക്കുവേണ്ടിയുള്ള ചടങ്ങില്‍ എല്ലാ വിളക്കുകളും അണച്ച് മമത ഇരുട്ടിലായിരുന്നു. ഏറെക്കുറെ നഷ്ടപ്പെട്ട വാരണസിയിലും പരാജയപ്പെട്ട അയോധ്യയിലും സ്വയം കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തിയിട്ടും ഭൂരിപക്ഷം നേടാനായില്ല. മോദിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം. ബി.ജെ.പി ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കട്ടെ.'' സാഗരിക എക്സില്‍ കുറിച്ചു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സാഗരിക നേരത്തേ അറിയിച്ചിരുന്നു. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ധാർമികമായ നിയമസാധുത പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‍കരിക്കുമെന്ന് ശനിയാഴ്ച മമത ബാനർജിയും വ്യക്തമാക്കി. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ പ്രതികരിച്ചത്.
സാഗരികയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിന്റെ ഭാഗത്തുനിന്നുണ്ടായത്. ചിലർ അവരെ പിന്തുണച്ചപ്പോൾ മറ്റു ചിലർ വിമർശിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജി എതിരാളിയായ ശുഭേന്ദു അധികാരിയോട് പരാജയമേറ്റു വാങ്ങി. എന്നിട്ടും അവർ പിൻവാതിലിലൂടെ മുഖ്യമന്ത്രിയായി. സ്വന്തം തോൽവിയിൽ അവർ ലൈറ്റണച്ചിരുന്നിട്ടുണ്ടോ? മോദി 240 സീറ്റുകൾ നേടിയിട്ടുണ്ടെന്നും കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ മാത്രം കുറവേയുള്ളൂവെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.