തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; പാർട്ടി വിഭാഗീയതയെന്ന് കുടുംബം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ നോർത്ത് 24 പർഗാനാസിലെ ഹരോവയിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഖസ്ബലന്ദ ഗ്രാമപഞ്ചായത്ത് അംഗം സാഹിബ് അലി ഗാസിയാണ് കൊല്ലപ്പെട്ടത്.
പാർട്ടി നേതാക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സാംല മാർക്കറ്റിൽ വെച്ചായിരുന്നു ആക്രമണം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും അലി ഗാസിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഒരു പാർട്ടി പ്രവർത്തകനെയും കൊലപാതക സമയത്ത് സാംല മാർക്കറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സന്നദ്ധപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നും തന്‍റെ ഭർത്താവ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഇരയാണെന്നും അലി ഗാസിയുടെ ഭാര്യ ഹലീമ ബീവി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് ഗാസിയെ ഭയമായിരുന്നു. അവർ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാണെന്നും ഹലീമ ബീവി ആരോപിച്ചു. അലി ഗാസിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ഹരോവ തൃണമൂൽ എം.എൽ.എ ഷെയ്ഖ് നൂറുൽ ഇസ്ലാം ഹാജി, പാർട്ടി വിഭാഗീയത എന്ന ആരോപണം തള്ളി. വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.