ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ തേരോട്ടം; സിലിഗുരി ഇടതിൽ നിന്ന് പിടിച്ചെടുത്തു
text_fieldsകൊൽക്കത്ത: ബംഗാളിലെ നാല് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ജയം. ബിധൻനഗർ, അസൻസോൾ, ചന്ദൻനഗർ, സിലിഗുരി കോർപറേഷനുകളിലാണ് ടി.എം.സി വിജയിച്ചത്. മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ ടി.എം.സി നിലനിർത്തിയപ്പോൾ ഇടത്കോട്ടയായ സിലിഗുരി പിടിച്ചെടുത്തു.
ബിധൻനഗർ നഗറിൽ 41ൽ 39 സീറ്റുകൾ ടി.എം.സി സ്വന്തമാക്കി. കോൺഗ്രസും സ്വതന്ത്രനും ഓരോ സീറ്റുകൾ വീതം നേടി. 2019ൽ ടി.എം.സി വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മേയർ സബ്യസാചി ദത്ത 2021ലെ വിധാൻസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ മടങ്ങിയെത്തിയിരുന്നു. ബിദ്ഹാനഗറിൽ ബി.ജെ.പി സ്ഥാനാർഥിയായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കൂടുമാറ്റം. ഇക്കുറി അദ്ദേഹം ടി.എം.സി ടിക്കറ്റിൽ ദത്ത വിജയിച്ചു.
ചന്ദൻനഗറിൽ 32 സീറ്റിൽ ടി.എം.സി 31ഉം സിപിഎമ്മും ഒരു സീറ്റും നേടി. ആകെ 106 സീറ്റുകളുള്ള അസൻസോളിൽ തൃണമൂൽ 91 സീറ്റിൽ വിജയിച്ചു. ബി.ജെ.പി ഏഴുസീറ്റ് നേടി. കോൺഗ്രസും സ്വതന്ത്രരും മൂന്ന് സീറ്റുകൾ വീതം വിജയിച്ചപ്പോൾ സി.പി.എം രണ്ട് സീറ്റ് നേടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ അസൻസോളിൽ തൃണമൂൽ സ്ഥാനാർഥി സയാനി ഘോഷിനെ അഗ്നിമിത്ര പോൾ പരാജയപ്പെടുത്തിയതിനാൽ ഫലം ബി.ജെ.പിയെ ഞെട്ടിച്ചു. എന്നാൽ രണ്ട് തവണ അസൻസോളിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ബാബുൽ സുപ്രിയോ 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം മമതക്കൊപ്പം ചേർന്നിരുന്നു.
അവശേഷിക്കുന്ന അവസാനത്തെ ഇടതു കോട്ടയായി കണക്കാക്കപ്പെടുന്ന സിലിഗുരിയിൽ തൃണമൂൽ 37 സീറ്റിൽ വിജയിച്ചു. ബി.ജെ.പി അഞ്ച് സീറ്റ് നേടി രണ്ടാം സ്ഥാനക്കാരായപ്പോൾ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി.പി.എമ്മിന് നാല് കോൺഗ്രസ് ഒരു സീറ്റും ലഭിച്ചു. നിലവിലെ മേയറും ഇടത് സ്ഥാനാർഥിയുമായിരുന്ന അശോക് ഭട്ടാചാര്യയും സിലിഗുരിയിൽ നിന്ന് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ ശങ്കർ ഘോഷും പരാജയപ്പെട്ടു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ മുൻ മന്ത്രി ഗൗതം ദേബ് (ടി.എം.സി) വിജയിച്ചു. ഗൗതം ദേബ് ആകും അടുത്ത സിലിഗുരി മേയറെന്ന് മമത ബാനർജി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.