ഷാജഹാൻ ശൈഖിനെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് ടി.എം.സി വക്താവ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി കൈയേറ്റത്തിനും ആരോപണ വിധേയനായ തൃണമൂൽ (ടി.എം.സി) നേതാവ് ഷാജഹാൻ ശൈഖിനെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് ടി.എം.സി എം.പിയും വക്താവുമായ കുനാൽ ഘോഷ്. ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കുനാൽ ഘോഷിന്റെ പ്രസ്താവന.
നിയമകുരുക്കുകൾ ഉള്ളതിനാൽ ഷാജഹാനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും പോലീസ് ഫയൽ ചെയ്യുന്ന എഫ്.ഐ.ആറുകളിൽ സ്റ്റേ വരുമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഞായറാഴ്ച പറഞ്ഞിരുന്നു. ഷാജഹാന്റെ അറസ്റ്റിനെക്കുറിച്ച് ബാനർജി പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും കുനാൽ ഘോഷ് എക്‌സിൽ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സന്ദേശ്ഖാലി പ്രദേശത്താണ് ഷാജഹാനും കൂട്ടരും ഒളിവിൽ കഴിയുന്നതെന്നാണ് കരുതുന്നത്. ജനുവരി അഞ്ചിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായതിന് ശേഷം പ്രദേശത്തെ തൃണമൂൽ കോൺഗ്രസിലെ ഷാജഹാൻ ശൈഖിനും അദ്ദേഹത്തിൻ്റെ അനുയായികൾക്കും എതിരെ ഭൂമി കൈയ്യേറ്റം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.