രാജ്യസഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്
text_fieldsന്യുഡൽഹി: രാജ്യസഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുമെന്ന പ്രമേയവുമായി തൃണമൂൽ കോൺഗ്രസ്. അവതരണത്തിനായി രാജ്യസഭയിൽ ചട്ടം 168 പ്രകാരം നോട്ടീസ് നൽകിയതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ഡെറിക് ഒബ്രിയൻ പറഞ്ഞു. ഏപ്രിൽ 8 ന് മുമ്പായി ബിൽ അവതരിപ്പിക്കുമെന്ന് ട്വിറ്ററിലൂടെയാണ് ഒബ്രിയൻ അറിയിച്ചത്. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ.
രാജ്യത്തെ പ്രധാന പാർട്ടികളുടെ വനിതാ എംപിമാരുടെ ശതമാനം തിരിച്ചുള്ള കണക്കുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് 37 ശതമാനം വനിതാ എംപിമാരുണ്ടെന്നും ഭരണകക്ഷിയായ ബി.ജെ.പിക്ക് 13 ശതമാനം വനിതാ എംപിമാർ മാത്രമുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1996ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് വനിതാ സംവരണ ബിൽ ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതിനുശേഷം 1988, 1999, 2008 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2008-ൽ ഇത് രാജ്യസഭയിൽ അവതരിപ്പിക്കുകയും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 2010-ൽ ഉപരിസഭ പാസാക്കി ലോക്സഭയിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ 2014ൽ 15-ാം ലോക്‌സഭ അവസാനിച്ചതോടെ ബിൽ അസാധുവാക്കപ്പെടുകയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.