'തൃണമൂൽ വൈറസ് മുക്തമായി'; വഞ്ചകരോട് നന്ദി പറയാൻ ആഘോഷപരിപാടി നടത്തുമെന്ന് തൃണമൂൽ നേതാവ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ വഞ്ചകൻമാർക്ക് നന്ദി അറിയിക്കാനായി പാർട്ടി വലിയ ആഘോഷ പരിപാടി നടത്തുമെന്ന് മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ മദൻ മിത്ര. അത്തരക്കാർ ഒഴിഞ്ഞുപോയതോടെ തൃണമൂൽ വൈറസ് മുക്തമായെന്നും അദ്ദേഹം എ.എൻ.െഎയോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വൻ സ്വാധീനമുള്ള നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരി പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു മിത്രയുടെ പ്രതികരണം.
സുവേന്ദു അധികാരിയെ കൂടാതെ അഞ്ച് തൃണമൂൽ എം.എൽ.എമാർ കൂടി ശനിയാഴ്ച്ച മിഡ്നാപൂരിൽ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പെങ്കടുത്ത റാലിയിൽ വെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. രണ്ട് സി.പി.എം, ഒാരോ സി.പി.ഐ, കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്തുവർഷമായി പാർട്ടിയിൽ നിന്നും തനിക്കൊന്നും ലഭിച്ചില്ലെന്നാണ് സുവേന്ദു അധികാരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലം പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഒന്നും മിണ്ടാതിരുന്നതെന്ന് മിത്ര ചോദിച്ചു. 'തൃണമൂൽ നേതാവും മന്ത്രിയും ആയി നിങ്ങൾ പ്രവർത്തിച്ചു. താങ്കളുടെ സഹോദരൻ എം.പിയാണ്. പിതാവും എം.പിയാണ്. ഇത്രയും കാലം പാർട്ടി തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നാണ് പറയുന്നതെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ മിണ്ടാതിരുന്നത്. അധികാരം ആസ്വദിക്കുകയായിരുന്നോ...??? ഞങ്ങളോട് കാര്യങ്ങൾ തുറന്നുപറയണമായിരുന്നു. ഇപ്പോൾ പറയുന്നു, തൃണമൂലാണ് പ്രതിയെന്ന്...
ഇന്ന് രാത്രി ഞങ്ങൾ വലിയൊരു ആഘോഷ പരിപാടി നടത്തുന്നുണ്ട്. പാർട്ടിയെ വൈറസ് മുക്തമാക്കിയതിന് അവരോട് നന്ദി അറിയിക്കാനാണത്. ഇനി വെല്ലുവിളി നേരിട്ടാണ്. ബി.ജെ.പിക്കും തൃണമൂലിനും ഇടയിൽ ഇനി ദല്ലാൾമാരില്ല. ഇപ്പോൾ യുദ്ധം നേരിട്ടാണ്. ഇത് തൃണമൂൽ പ്രവർത്തകർക്ക് ആഘോഷിക്കാനുള്ള വൈകുന്നേരമാണ്. ഇപ്പോൾ പാർട്ടിയിൽ വിശ്വാസ വഞ്ചകരില്ല. പേപ്പർ പുലികളുമില്ല. മിത്ര എ.എൻ.െഎ ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
കോവിഡ് ബാധിച്ച് താൻ കിടപ്പിലായപ്പോൾ വിളിച്ചത് അമിത് ഷാ മാത്രമാണെന്ന് സുവേന്ദു അധികാരി ഷായുടെ റാലിയിൽ പെങ്കടുത്തുകൊണ്ട് പറഞ്ഞിരുന്നു. രണ്ട് പ്രാവശ്യം അദ്ദേഹം വിളിച്ച് ആരോഗ്യകാര്യങ്ങൾ തിരക്കി. തൃണമൂലിൽ വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ച ഒരൊറ്റ നേതാവ് പോലും തന്നെ വിളിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിെൻറ പരാതി. മുൻ മന്ത്രികൂടിയായ സുവേന്ദു അധികാരി 2011ൽ മമത ബാനർജിയെ അധികാരത്തിലേറ്റാൻ സഹായിച്ച നന്ദിഗ്രാം സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. മമതയുടെ വലംകൈയായിരുന്ന മുകുൾ റോയി ശാരദ ചിട്ടിത്തട്ടിപ്പ് അടക്കമുള്ള കേസുകളിൽപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിയിൽ ചേക്കേറിയപ്പോൾ തൃണമൂലിൽ രണ്ടാമനായിരുന്നു സുവേന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.