കൊൽക്കത്തയിൽ പരക്കെ ആക്രമണം; തൃണമൂൽ നേതാവ് കൊല്ലപ്പെട്ടു
text_fieldsകൊൽക്കത്ത: കൊൽക്കത്തയിൽ വ്യത്യസ്ത സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെടുകയും ബി.ജെ.പി പ്രാദേശിക നേതാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ബാഗിയാറ്റി പ്രദേശത്താണ് പോട്ല എന്നറിയപ്പെടുന്ന തൃണമൂൽ പ്രവർത്തകൻ സഞ്ജീവ് ദാസ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ബാഗിയാറ്റിയിലെ അർജുൻപൂർ വെസ്റ്റ് പാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗുരുതര പരിക്കേറ്റ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ആയുധ നിയമവുമായി ബന്ധപ്പെട്ടതുൾപ്പെടെ 11 കേസുകൾ ദാസിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി തെക്കൻ കൊൽക്കത്തയിലെ ആനന്ദപൂർ മേഖലയിൽ തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ സരസ്വതി സർക്കാർ എന്ന ബി.ജെ.പി വനിത നേതാവിനാണ് പരിക്കേറ്റത്. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചാരണ ബാനറുകൾ സ്ഥാപിക്കുന്നതിനിടെ മൂർച്ചയുള്ള ആയുധങ്ങളാൽ ആക്രമിക്കുകയായിരുന്നുവെന്ന് അവർ പൊലീസിൽ പരാതിപ്പെട്ടു.
പാർട്ടി പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരയായതെന്ന് സരസ്വതി സർക്കാർ പറഞ്ഞു. ബി.ജെ.പി പ്രാദേശിക നേതൃത്വം ആനന്ദപൂർ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്നും ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.