ഐ.ടി മന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞു, പ്രസംഗം തടസ്സപ്പെടുത്തി; പെഗസസിൽ പ്രക്ഷുബ്ധമായി സഭകൾ
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭയിൽ വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. തൃണമൂൽ എം.പി ശന്തനു സെൻ മന്ത്രിയുടെ പ്രസ്താവന തട്ടിപ്പറിച്ച് സഭയിൽ കീറിയെറിഞ്ഞു. തുടർന്ന് രാജ്യസഭ ഇന്നത്തേക്കും ലോക്സഭ വൈകീട്ട് നാലുവരെയും പിരിഞ്ഞു.
പെഗസസ് വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് തവണയാണ് ഇരുസഭകളും നിർത്തിവെക്കേണ്ടിവന്നത്.
കാർഷിക നിയമങ്ങൾക്കെതിരെയും സഭയിൽ പ്രതിഷേധമുയർന്നു. പാർലമെന്‍റിന് പുറത്തും പ്രതിപക്ഷ എം.പിമാർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തി.
പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഫോൺ ചോർത്തൽ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതെന്നും ഇത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചതാണ് വൻ ബഹളത്തിനിടയാക്കിയത്.
ദൈനിക് ജാഗരൺ പത്രത്തിന്‍റെ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകളും കോൺഗ്രസ് സഭയിൽ ഉയർത്തി. കോൺഗ്രസ് എം.പി ദിഗ്വിജയ് സിങ്ങാണ് ചോദ്യം ഉയർത്തിയത്. തൃണമൂൽ അടക്കമുള്ള കക്ഷികളും പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.