മുസ്‍ലിംലീഗിനോട് തോറ്റതിന് പിന്നാലെ ഐക്യ ആഹ്വാനവുമായി പന്നീർസെൽവം; പുച്ഛിച്ചുതള്ളി എ.ഐ.എ.ഡി.എം.കെ
text_fieldsചെന്നൈ: മുസ്‍ലിം ലീഗിനോട് ദയനീയമായി തോറ്റ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം, ഐക്യ ആഹ്വാനവുമായി വീണ്ടും പഴയതട്ടകമായ എ.ഐ.എ.ഡി.എം.കെയുടെ മുന്നിൽ. എന്നാൽ, പാർട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഒ.പി.എസിന്റെ ശ്രമമെന്ന് ആരോപിച്ച് ആഹ്വാനം എ.ഐ.എ.ഡി.എം.കെ നേതൃത്വം തള്ളിക്കളഞ്ഞു.
രാമനാഥപുരത്ത് ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായി അങ്കത്തിനിറങ്ങിയ പന്നീർസെൽവം ഇൻഡ്യ സഖ്യത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നവാസ് കനിയോട് ഒന്നരലക്ഷം വോട്ടിനാണ് തോറ്റത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ട ഒ.പി.എസ് ഇപ്പോൾ തട്ടകം കിട്ടാതെ അലയുകയാണ്. മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നതേൃത്വത്തിലുള്ള എ.ഐ.എഡി.എം.കെയാകട്ടെ, ഇൻഡ്യാസഖ്യത്തിന്റെ തേരോട്ടത്തിൽ ഒരു സീറ്റ് പോലും ലഭിക്കാതെ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും തകർന്നടിഞ്ഞു.
“ഒരു വടി പൊട്ടിക്കാൻ എളുപ്പമാണ്, എന്നാൽ ഒരുകെട്ട് വടികൾ പൊട്ടിക്കാൻ പ്രയാസമാണ്. അന്തരിച്ച മുൻമുഖ്യമന്ത്രി എം.ജി രാമചന്ദ്രൻ സ്ഥാപിച്ച്, ജയലളിത വളർത്തിയെടുത്ത എഐഎഡിഎംകെയെ ഐക്യത്തിലൂടെ വീണ്ടെടുക്കാനുള്ള ആഹ്വാനമാണിത്. തോൽവി ശീലമാക്കുന്നതും പാപമാണ്’ - പന്നീർശെൽവം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, പാർട്ടിയുടെ രണ്ടില ചിഹ്നം മരവിപ്പിക്കാൻ ബി.ജെ.പിയുമായി കൈകോർത്ത പന്നീർസെൽവത്തിന് ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് പാർട്ടി നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ കെ.പി മുനുസാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.