അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തും; രക്ഷിതാക്കള്‍ ഭയപ്പെടേണ്ടതില്ല - തമിഴ്നാട് ഗവര്‍ണര്‍
text_fieldsചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കുട്ടികളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കും. അതിനായി സർവകലാശാല അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ടതില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍.എന്‍ രവി അണ്ണാ സര്‍വകലാശാല സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍.എന്‍ രവി സര്‍വകാലാശാല വൈസ് രജിസ്ട്രാര്‍ ഡോ. ജെ.പ്രകാശും മുതിര്‍ന്ന പ്രൊഫസര്‍മാരുമായി ചർച്ച നടത്തി.
കാംപസിനുള്ളിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത്വം ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഗവർണർ ആരാഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായും ഗവർണർ നേരിട്ട് സംവദിച്ചു.
അതേസമയം, അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി നിർദേശിച്ചു. മൂന്നു മുതിര്‍ന്ന വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ബി. സ്‌നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് സംഘത്തിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍. കേസിലെ എഫ്.ഐ.ആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
അണ്ണാ സർവകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം നിൽക്കുമ്പോൾ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.