വിദ്യാർഥികളെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ; പ്രതിഷേധം
text_fieldsചെന്നൈ: മധുരയിലെ സ്വകാര്യ കോളജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത തമിഴ്നാട് ഗവർണർ ആർ.എൻ. രവി വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച മധുര ത്യാഗരാജർ എൻജിനീയറിങ് കോളജിലെ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. സംഭവം വിവാദമാകുകയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
പ്രസംഗത്തിൽ ഗവർണർ ഡി.എം.കെയെയും സംസ്ഥാന സർക്കാറിനെയും രൂക്ഷമായാണ് വിമർശിച്ചത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നതും സനാതന ധർമത്തെ അവഹേളിക്കുന്നതും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും ഇപ്പോൾ പതിവായിരിക്കുകയാണെന്ന് ഡി.എം.കെ നേതാക്കളെയും മന്ത്രിമാരെയും പരോക്ഷമായി വിമർശിച്ച് ഗവർണർ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഗവർണർ ജയ് ശ്രീറാം എന്ന് വിളിക്കുകയും മൂന്നുതവണ ഇത് ഏറ്റുവിളിക്കാൻ സദസ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഒരു വിഭാഗം വിദ്യാർഥികൾ ഇതനുസരിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ കാലതാമസം വരുത്തിയതിന് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ച ഗവർണറെ പദവിയിൽനിന്ന് നീക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ സംഭവവും വിവാദവും. ഗവർണറുടെ നടപടി മതേതര തത്ത്വങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെടുന്ന സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.