ലൈംഗികാതിക്രമം; ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ സ്പെഷൽ ഡി.ജി.പിക്കെതിരെ അന്വേഷണം
text_fieldsചെന്നൈ: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ അന്വേഷണം. ലോ ആൻഡ് ഓർഡർ പൊലീസ് ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് അന്വേഷണം.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ രാജേഷ് ദാസിന്‍റെ കാറിൽ കയറാൻ നിർബന്ധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്. തമിഴ്നാട് സർക്കാർ ഇതിനായി ആറംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷ് ദാസിനെ തരംതാഴ്ത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. കൂടാതെ വിജിലൻസ് ഡയറക്ടർ ഡി.ജി.പി കെ. ജയന്ത് മുരളിക്ക് പകരം ചുമതല നൽകി.
അഡീഷനൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്‍റെ മേൽനോട്ടത്തിലാകും അന്വേഷണം. എ.ഡി.ജി.പി സീമ അഗ്രവാൾ, ഐ.ജി എ. അരുൺ, ഡി.ഐ.ജി ബി. ഷാമുൻഡേശ്വരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.കെ. രമേശ് ബാബു, ഇന്‍റർനാഷനൽ ജസ്റ്റിസ് മിഷൻ പ്രോഗ്രാം മാനേജ്മെന്റ് തലവൻ ലോറീറ്റ ജോണ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകും. തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാകും അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.