തമിഴരുടെ ദേശസ്നേഹത്തെ വ്രണപ്പെടുത്തിയെന്ന് എം.കെ. സ്റ്റാലിൻ; റിപ്പബ്ലിക്ദിന ഫ്ലോട്ട് നിരാകരിച്ചതിൽ വിമർശനം
text_fieldsചെന്നൈ: റിപ്പബ്ലിക്ദിന പരേഡിൽ അവതരിപ്പിക്കാൻ തമിഴ്നാട് സമർപ്പിച്ച ഫ്ലോട്ട് നിരാകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഫ്ലോട്ട് ഒഴിവാക്കിയ നടപടി തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്നേഹത്തെയും ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതി അംഗങ്ങൾ നിർദേശിച്ച പരിഷ്കാരങ്ങൾ അനുസരിച്ച് തയാറാക്കിയ ഏഴ് ഡിസൈനുകളും നിരസിച്ച നടപടി അസ്വീകാര്യമാണ്. തമിഴ്നാടിനും ജനങ്ങൾക്കും അതീവ ഉത്കണ്ഠയുള്ള വിഷയമാണിത്. റിപ്പബ്ലിക്ദിന പരേഡിൽ തമിഴ്നാടിന്റെ ഫ്ലോട്ട് ഉൾപ്പെടുത്താൻ പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നും സ്റ്റാലിൻ കത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര തീരുമാനത്തിനെതിരെ കനിമൊഴി എം.പി ഉൾപ്പെടെ വിവിധ ഡി.എം.കെ മുന്നണി നേതാക്കൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.
റിപ്പബ്ലിക്ദിന പരേഡിൽ റാണി വേലുനാച്ചിയാർ, വി.ഒ.സി എന്ന വി.ഒ. ചിദംബരം പിള്ളൈ, മഹാകവി ഭാരതിയാർ എന്ന സുബ്രഹ്മണ്യ ഭാരതി ഉൾപ്പെടെ സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം ആസ്പദമാക്കിയ പ്രമേയമാണ് തമിഴ്നാട് അവതരിപ്പിക്കാനിരുന്നത്. തമിഴ്നാടിന്റെ സമർപ്പിച്ച ഫ്ലോട്ട് കേന്ദ്ര സർക്കാറിന്റെ റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ട് നിർണയ സമിതി നിരാകരിക്കുകയായിരുന്നു. കോവിഡ് കണക്കിലെടുത്ത് ഫ്ലോട്ടുകളുടെ എണ്ണം 12 ആയി കുറച്ചതാണ് നിരാകരണ കാരണമായി കേന്ദ്രം പറയുന്നത്.
തെന്നിന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകയുടെ ഫ്ലോട്ടിന് മാത്രമാണ് അനുമതി ലഭിച്ചത്. കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഒഴിവാക്കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ കേരളം നിർദേശിച്ച ശ്രീനാരായണ ഗുരുവിന്റെയും പശ്ചിമ ബംഗാളിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഫ്ലോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.