പുതിയ തുടക്കത്തിനായി രാജസ്ഥാനിലെ എല്ലാ യൂനിറ്റുകളും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി
text_fieldsജയ്പൂർ: പഞ്ചാബിലെ മിന്നും വിജയത്തിന് ശേഷം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ നിലവിലുള്ള എല്ലാ ജില്ല യൂനിറ്റുകളും ആം ആദ്മി പാർട്ടി പിരിച്ചു വിട്ടു. സംസ്ഥാനത്ത് സംഘടന വിപുലീകരിക്കാൻ വേണ്ടിയാണിതെന്ന് നേതാക്കൾ അറിയിച്ചു. രാജസ്ഥാനിലെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ എ.എ.പിയിലേക്ക് സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മൂന്ന് മാസം നീളുന്ന അംഗത്വ കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന അംഗത്വ കാമ്പയിനിൽ 1000 പേരാണ് പുതുതായി പാർട്ടിയിൽ ചേർന്നത്. കാമ്പയിന് ശേഷം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി യോഗത്തിൽ നേതാക്കൾ തീരുമാനമെടുത്തു.
നാളെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന ആവേശത്തിൽ ഒരോ ദിവസവും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് സംസ്ഥാനത്ത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിനയ് മിശ്ര പറഞ്ഞു.
കോൺഗ്രസ് സർക്കാറിന്റെ പരാജയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. സംഘടനയിൽ നവീകരണം നടത്തും. അംഗത്വ കാമ്പയിനിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവർക്ക് ജില്ലയിലും സംസ്ഥാന തലത്തിലും പദവികൾ നൽകും -മിശ്ര പറഞ്ഞു.
10 വർഷമായി ആം ആദ്മി പാർട്ടി സംസ്ഥാനത്ത് സജീവമാണെങ്കിലും സംഘടന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നിട്ടില്ല. ക്ലീൻ ഇമേജുള്ള നല്ല നേതാക്കൻമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.