വഖഫിനായി തെരുവിലേക്ക്
text_fieldsന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പാസാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ വഖഫ് പിടിച്ചടക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തെരുവിലിറങ്ങാൻ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചു. സമരത്തിൽ പങ്കെടുക്കാനും അനീതിക്കും അടിച്ചമർത്തലിനുമെതിരെ ശബ്ദമുയർത്താനും മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോടും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളോടും അഭ്യർഥിച്ചു.
ഇതിന്റെ ഭാഗമായി ബോർഡ് രാജ്യമൊട്ടുക്കും പ്രഖ്യാപിച്ച പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അടക്കമുള്ള മുസ്ലിം സംഘടനകളും രംഗത്തുവന്നു. വിവാദ ബില്ലിനെ പിന്തുണച്ച് പച്ചക്കൊടി കാട്ടിയ എൻ.ഡി.എ സഖ്യകക്ഷികളായ തെലുഗുദേശം പാർട്ടിക്കും ജനതാദൾ-യുവിനുമെതിരെ അവരുടെ തട്ടകങ്ങളിൽ സമരം നടത്തി സമ്മർദം ശക്തമാക്കുമെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ബിൽ പാസാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിന്റെ പ്രതിഷേധം പാർലമെന്റിന് മുന്നിൽ തുടങ്ങാനാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം.
എൻ.ഡി.എ ഘടകകക്ഷിയായ തെലുഗുദേശം പാർട്ടി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച വിജയവാഡയിൽ ധർണ സംഘടിപ്പിച്ച വ്യക്തിനിയമ ബോർഡ്, വിവാദ തീരുമാനവുമായി മുന്നോട്ടുപോയാൽ മുസ്ലിം വോട്ടർമാരുടെ പിന്തുണ നഷ്ടമാകുമെന്ന് ചന്ദ്രബാബു നായിഡുവിന് മുന്നറിയിപ്പ് നൽകി. ജനതാദൾ-യുവിനെയും നിതീഷ് കുമാറിനെയും പ്രതിഷേധമറിയിക്കാൻ തിങ്കളാഴ്ച പട്നയിലും ബോർഡ് പ്രതിഷേധമൊരുക്കുന്നുണ്ട്. 13ന് ന്യൂഡൽഹിയിലെ ജന്തർമന്തറിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു.
പ്രക്ഷോഭത്തിൽ ബോർഡിനൊപ്പം -ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: വഖഫിനായി ദേശവ്യാപക പ്രക്ഷോഭത്തിനിറങ്ങാനുള്ള അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ തീരുമാനത്തെ പിന്തുണക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 13ന് ജന്തർ മന്തറിൽ ബോർഡ് ഒരുക്കുന്ന പ്രതിഷേധത്തിൽ മറ്റു മുസ്ലിം സംഘടനകൾക്കൊപ്പം പങ്കെടുക്കുമെന്നും മുഹമ്മദ് സലീം പറഞ്ഞു.
വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തല്ലെന്നും അവക്കുമേലുള്ള സർക്കാർ നിയന്ത്രണം സ്വീകാര്യമല്ലെന്നും മുഹമ്മദ് സലീം പറഞ്ഞു. ബിൽ പാസാക്കിയാൽ ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവിലിറങ്ങാൻ നിർബന്ധിതമായി -ജംഇയ്യതുൽ ഉലമായെ ഹിന്ദ്
ന്യൂഡൽഹി: സ്വന്തം അവകാശങ്ങൾ തിരിച്ചുപിടിക്കാൻ മുസ്ലിംകൾ തെരുവിലിറങ്ങാൻ നിർബന്ധിതമായെന്ന് വ്യക്തമാക്കി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ പ്രക്ഷോഭത്തിന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് പിന്തുണ പ്രഖ്യാപിച്ചു. ബിൽ പാർലമെന്റിൽ പാസായാൽ അതിനെതിരെ വിവിധ ഹൈകോടതികളെ സമീപിക്കാൻ ജംഇയ്യത് തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് മൗലാന അർശദ് മദനി വ്യക്തമാക്കി.
എന്നാൽ, വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട മുസ്ലിംകളുടെ ആശങ്ക അവഗണിക്കുകയും ഭരണഘടനാവിരുദ്ധമായ നിയമം ബലപ്രയോഗത്തിലൂടെ അടിച്ചേൽപിക്കുകയും ചെയ്യുമ്പോൾ സമരവുമായി തെരുവിലിറങ്ങുകയല്ലാതെ വഴിയില്ല. സർക്കാറിനെ വസ്തുത ബോധ്യപ്പെടുത്താൻ ജനാധിപത്യ മാർഗങ്ങളിലൂടെ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയശേഷമാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതെന്നും മദനി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.