ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയെ ഇന്നറിയാം
text_fieldsന്യൂഡൽഹി: വൻ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തിെൻറ ആവേശം ചോർത്തി യു.പി ബി.ജെ.പിയിൽ തുടരുന്ന സസ്പെൻസിന് ശനിയാഴ്ച അന്ത്യമാകും. ഇന്ന് നിയമസഭ കക്ഷി യോഗത്തിനുശേഷം നേതാവിനെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ഞായറാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മൗര്യ കൂട്ടിച്ചേർത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുമെന്ന് ഗവർണർ രാം നായിക്കും അറിയിച്ചു.
ഉത്തരാഖണ്ഡിൽ മുൻമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര നേതാക്കളുടെ വിശ്വസ്തൻ എന്ന നിലയിലാണ് റാവത്തിന് നറുക്ക് വീണത്. മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും അടുപ്പക്കാരനായ ത്രിവേന്ദ്ര ആർ.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 1983 മുതൽ 2002 വരെ ആർ.എസ്.എസിൽ സജീവമായിരുന്ന അദ്ദേഹം സംഘടനയുടെ പ്രചാരക്, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
യു.പിയിൽ കേന്ദ്രമന്ത്രി മനോജ് സിൻഹയുടെ പേരാണ് മുഖ്യമായും പരിഗണനയിൽ. എന്നാൽ, താൻ ഏതെങ്കിലും മത്സരത്തിലുണ്ടോ എന്ന കാര്യം അറിയില്ലെന്ന് സിൻഹ പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
403 അംഗ സഭയിൽ ബി.ജെ.പി സഖ്യത്തിന് 325 എം.എൽ.എമാരാണുള്ളത്. ഭൂരിപക്ഷമില്ലാതിരുന്ന ഗോവയിലും മണിപ്പൂരിലും സർക്കാറുണ്ടാക്കിയ ബി.ജെ.പിക്ക് ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തത് വലിയ ക്ഷീണമാണ്. ഇന്ന് വൈകീട്ട് നാലിനാണ് എം.എൽ.എമാരുടെ യോഗം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൗര്യ, മനോജ് സിൻഹയുടെ പേര് നിർദേശിക്കുമെന്നാണ് സൂചന. ഗാസിപൂരിൽനിന്നുള്ള ലോക്സഭാംഗമായ സിൻഹ കേന്ദ്ര ടെലികോം സഹമന്ത്രിയാണ്. പാർട്ടി നേതൃത്വത്തോടുള്ള കൂറും ‘ക്ലീൻ’ പ്രതിച്ഛായയുമാണ് സവർണ ഭൂമിഹാർ സമുദായാംഗമായ സിൻഹയുടെ സാധ്യതയേറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.