ഇന്നാണ് ആ തെരഞ്ഞെടുപ്പ്; ഇനിയുള്ള രണ്ട് ദിവസത്തിനിടെ കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നതിതാണ്
text_fieldsവാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ പ്രചരണ കോലാഹലങ്ങൾക്കൊടുവിൽ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പ്രതിനിധികൾ ഇന്ന് വോട്ടു ചെയ്യും. 9308 പ്രതിനിധികൾക്കാണ് വോട്ടുള്ളത്.
രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ബൂത്തുകൾ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ കാർഗെ കർണാടകയിലും ശശി തരൂർ കേരളത്തിലും വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതോടെ നടപടികൾ അവസാനിക്കും.
22 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് കോൺഗ്രസ് പ്രതിനിധികൾ ഇന്ന് വോട്ടു ചെയ്യുന്നതെന്ന പ്രത്യേകതകൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.